മാഞ്ചസ്റ്ററില്‍ റദ്ദാക്കിയ ടെസ്റ്റ് അടുത്തവര്‍ഷം കളിക്കാമെന്ന് ബിസിസിഐ, ഗാംഗുലി ഇംഗ്ലണ്ടിലേക്ക്

By Asianet MalayalamFirst Published Sep 10, 2021, 7:16 PM IST
Highlights

ഞ്ചസ്റ്റര്‍ ടെസ്റ്റ് പിന്നീട് കളിക്കുന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യാനായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഈ മാസം 22ന് ഇംഗ്ലണ്ടിലെത്തും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുമായി മത്സരത്തിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരുമായും ഗാംഗുലി ചര്‍ച്ച നടത്തും.

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് റദ്ദാക്കിയ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റ് അടുത്തവര്‍ഷം കളിക്കാമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ. അടുത്തവര്‍ഷം ഏകദിന, ടി20 പരമ്പരക്കായി ഇന്ത്യ ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഒരു ടെസ്റ്റ് കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐയുടെ വാഗ്ദാനം.

അതിനിടെ, മാഞ്ചസ്റ്റര്‍ ടെസ്റ്റ് പിന്നീട് കളിക്കുന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യാനായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഈ മാസം 22ന് ഇംഗ്ലണ്ടിലെത്തും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുമായി മത്സരത്തിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരുമായും ഗാംഗുലി ചര്‍ച്ച നടത്തും.

മാഞ്ചസ്റ്ററില്‍ ഇന്ന് തുടങ്ങേണ്ടിയിരുന്ന അവസാന ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് റദ്ദാക്കിയത്. ഇന്ത്യന്‍ ടീം അസിസ്റ്റന്‍റ് ഫിസിയോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിൽ കളിക്കാനാകില്ലെന്ന നിലപാടിലേക്ക് ചില മുതിര്‍ന്ന താരങ്ങള്‍ എത്തിയത്. വീണ്ടും കൊവിഡ് പരിശോധന നടത്താമെന്നും നെഗറ്റീവെങ്കിൽ ഒന്നോ രണ്ടോ ദിവസം വൈകി മത്സരം തുടങ്ങാമെന്നും ഇരുബോര്‍ഡുകളും നിര്‍ദ്ദേശിച്ചെങ്കിലും, കുടുംബാംഗങ്ങള്‍ ഒപ്പമുള്ളതിനാല്‍ താരങ്ങള്‍ വഴങ്ങിയില്ല.

ഈ മാസം 19ന് ഐപിഎൽ തുടങ്ങേണ്ടതിനാല്‍ ടെസ്റ്റ് അനിശ്ചിതമായി നീട്ടാന്‍ ബിസിസിഐയും മടിച്ചു.ഇന്ത്യന്‍ താരങ്ങള്‍ കളിക്കില്ലെന്ന് അറിയിച്ചതായും ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചതായി കണക്കാക്കുമെന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിറക്കി.

ഇതോടെ പരന്പര 2.2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചെന്നായി പ്രചാരണം. എന്നാൽ  ബിസിസിഐ ഇടഞ്ഞതോടെ വാര്‍ത്താക്കുറിപ്പ് പിന്‍വലിച്ച ഇസിബി ഇംഗ്ലണ്ട് വിജയികളെന്ന ഭാഗം ഒഴിവാക്കി പുതിയ പ്രസ്താവന ഇറക്കി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നിയമപ്രകാരം താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മത്സരം ഉപേക്ഷിക്കാമെന്നും ഒരു ടീമിനെയും വിജയികളായി കണക്കാക്കേണ്ടതില്ലെന്നും ബിസിസഐ വാദിച്ചു. അടുത്ത ജൂലൈയിൽ ഏകദിന ട്വന്‍റി 20 പരമ്പരകള്‍ക്കായി  ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍ ഒരു ടെസ്റ്റ് കളിക്കാമെന്നും, തത്ക്കാലം പരമ്പര 2-1 എന്ന നിലയിൽ മരവിപ്പിച്ച് നിര്‍ത്താമെന്നും ബിസിസിഐ  നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഗാംഗുലി 22ന് ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

click me!