
മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കാലം കഴിഞ്ഞുവെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വരാനിരിക്കുന്ന ആദ്യ ടി20 പരമ്പരയില്‍ തന്നെ കോലിക്കും രോഹിത്തിനും പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും രവി ശാസ്ത്രി ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാളിനെയും ജിതേഷ് ശര്‍മയെയും തിലക് വര്‍മയെയും പോലുള്ള കളിക്കാര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് പ്രമോഷന്‍ നല്‍കണമെന്നും അതുവഴി അവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ മത്സരപരിചയം ഉറപ്പുവരുത്താനാകുമെന്നും രവി ശാസ്ത്രി പറഞ്ഞു. ടി20 ക്രിക്കറ്റില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിലൂടെ വിരാട് കോലിയ്ക്കും രോഹിത് ശര്‍മക്കും ഏകദിനങ്ങളിലും ടെസ്റ്റിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുമെന്നും ശാസ്ത്രി പറഞ്ഞു.
രോഹിത്തിനെയും കോലിയയെയും പോലുള്ള താരങ്ങള്‍ക്ക ഇനി ഒന്നും തെളിയിക്കാനില്ല. അവരെന്താണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ ഇനി നടക്കാനിരിക്കുന്ന ആദ്യ ടി20 പരമ്പരയില്‍ തന്നെ യുവതാരങ്ങള ഇന്ത്യന്‍ ടീമിലെടുക്കണം. കോലിയുടെയും രോഹിത്തിന്‍റെയുമെല്ലാം പരിചയസമ്പത്ത് ഇനി വേണ്ടത് ടെസ്റ്റ് ക്രിക്കറ്റിലാണ്. അതുവഴി അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ കളിക്കാനാവും.
എന്നാല്‍ രോഹിത്തും രാഹുലും കോലിയുമെല്ലാം ഇനിയും ടി20 ക്രിക്കറ്റില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് നിലവിലെ ഫോം മാത്രമാകണം ടീമിലെടുക്കാനുള്ള മാനദണ്ഡമെന്ന് ശാസ്ത്രി പറഞ്ഞു. 2024 ലെ ടി20 ലോകകപ്പിന് ഇനിയും സമയമുണ്ട്. കളിക്കാരുടെ ഫോം വരും പോകും. അതുകൊണ്ട് ഫോമായിരിക്കണം ലോകകപ്പ് ടീമിലെയും മാനദണ്ഡം. ഫ്രാഞ്ചൈസികളില്‍ ഓരോ പൊസിഷനിലും സ്പെഷലിസ്റ്റ് കളിക്കാരെ കളിപ്പിക്കുന്നതുപോലെ ഇന്ത്യന്‍ ടീമിലും ഓരോ സ്ഥാനത്തും സ്പെഷലിസ്റ്റ് കളിക്കാരുണ്ടാവണം. ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ ടി20 ടീമിനെ നയിക്കുന്നതാണ് നല്ലതെന്നും ശാസ്ത്രി പറഞ്ഞു.