തോറ്റുവെന്നത് മാത്രമല്ല, അതോടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചുവെന്നത് രാജസ്ഥാന്‍ ഡ്രസ്സിംഗ് റൂമിനെ ശോകമൂകമാക്കുകയും ചെയ്തു. പൊതുവെ ആഘോഷമൂഡിലുള്ള വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ക്ക് പോലും ഒന്നും പറയാനുണ്ടായിരുന്നില്ല.

ജയ്പൂര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തല്ലിച്ചതച്ച് വമ്പന്‍ ജയം നേടിയതിന്‍റെ ആവേശത്തിലായിരുന്നു ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിനിറങ്ങിയത്. കൊല്‍ക്കത്തക്കെതിരെ നേടിയ വമ്പന്‍ ജയത്തില്‍ ടീം അംഗങ്ങളെല്ലാം ആഘോഷ മൂഡിലുമായിരുന്നു. നിര്‍ണായക ടോസ് നഷ്മാകുകയും 150ല്‍ താഴെ ഒതുങ്ങുമെന്ന് കരുതിയ ആര്‍സിബി 171 റണ്‍സടിക്കുകയും ചെയ്തെങ്കിലും യശസ്വിയും ബട്‌ലറും ക്യാപ്റ്റന്‍ സ‌ഞ്ജുവും അടങ്ങിയ ബാറ്റിംഗ് നിരക്ക് അത് നിസാരമെന്നായിരുന്നു റോയല്‍സ് ആരാധകര്‍ കരുതിയത്.

എന്നാല്‍ സംഭവിച്ചത് നേരേ തിരിച്ചു. അലക്ഷ്യമായ ഷോട്ടുകളിലൂടെ ബട്‌ലറും സഞ്ജുവുമെല്ലാം പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയപ്പോള്‍ ഈ സീസണില്‍ രാജസ്ഥാന്‍റെ പ്രധാന പ്രതീക്ഷയായിരുന്ന യശസ്വിക്കും പിഴച്ചു. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വികളിലൊന്നിലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി. തോറ്റുവെന്നത് മാത്രമല്ല, അതോടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചുവെന്നത് രാജസ്ഥാന്‍ ഡ്രസ്സിംഗ് റൂമിനെ ശോകമൂകമാക്കുകയും ചെയ്തു. പൊതുവെ ആഘോഷമൂഡിലുള്ള വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ക്ക് പോലും ഒന്നും പറയാനുണ്ടായിരുന്നില്ല.

മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരക്കും ടീം അംഗങ്ങളോട് കാര്യമായി ഒന്നും പറയാനുണ്ടായിരുന്നില്ല. കളിക്കാരുടെ പ്രയത്നത്തെയും പരിശീലനത്തെയും ഒന്നും കുറച്ചു കാണുന്നില്ലെന്നും എന്നാല്‍ ഇനി ഒരു മത്സരം മാത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും സംഗ പറഞ്ഞു. ഇനി ആ മത്സരം ജയിക്കാനാണ് നമ്മളെല്ലാം ശ്രമിക്കേണ്ട്. മറ്റ് ടീമുകള്‍ എങ്ങനെ കളിക്കുന്നുവെന്നത് നോക്കാതെ അടുത്ത മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംഗ താരങ്ങളോട് പറഞ്ഞു. സംഗയുടെ വാക്കുകള്‍ പോലും രാജസ്ഥാന്‍ താരങ്ങലെ പ്രചോദിപ്പിച്ചില്ലെന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്.

Scroll to load tweet…

ഇന്നലെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ 112 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ആര്‍സിബി രാജസ്ഥാനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെയും(55), ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും(54) അര്‍ധസെഞ്ചുറികളുടെയും വാലറ്റത്ത് അനുജ് റാവത്തിന്‍റെ വെടിക്കെട്ടിന്‍റെയും(11 പന്തില്‍ 29*) കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59 റണ്‍സിന് ഓള്‍ ഔട്ടായി.