ഏഷ്യാ കപ്പ് തുടങ്ങും മുമ്പെ റിങ്കു പ്രവചിച്ചു, വിജയറണ്‍ തന്‍റെ ബാറ്റില്‍ നിന്നായിരിക്കുമെന്ന്, തിലകിന്‍റെ പ്രവചനവും അച്ചട്ടായി

Published : Sep 29, 2025, 12:35 PM IST
Rinku Singh Prediction

Synopsis

ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പ് ഇന്ത്യൻ താരങ്ങളായ തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരോട് ടൂര്‍ണമെന്‍റിനെക്കുറിച്ച് പ്രവചിക്കാനും ഇതൊരു കടലാസില്‍ എഴുതി നല്‍കാനും ബ്രോഡ്കാസ്റ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. 

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തകര്‍ത്ത് കിരീടം നേടിയപ്പോൾ 69 റണ്‍സുമായി ടോപ് സ്കോററായത് തിലക് വര്‍മയായിരുന്നെങ്കിലും വിജയ റണ്ണെടുക്കാനുള്ള നിയോഗം റിങ്കു സിംഗിനായിരുന്നു. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന റിങ്കുവിന് ഫൈനലിന് തൊട്ടു മുമ്പ് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഫൈനലില്‍ അവസരം ലഭിച്ചത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തിലെ 20/3 ലേക്ക് തകര്‍ന്നെങ്കിലും ആദ്യം സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. പിന്നാലെ തിലക് വര്‍മയും-ശിവം ദുബെയും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കുകയും ചെയ്തു.

എന്നാല്‍ പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ശിവം ദുബെ പുറത്തായതോടെ ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സായിരുന്നു. ഈ സമയം റിങ്കു സിംഗ് ക്രീസിലെത്തി. എന്നാല്‍ തിലക് വര്‍മക്കായിരുന്നു സ്ട്രൈക്ക്. ആദ്യ പന്തില്‍ രണ്ട് റണ്ണെടുത്ത തിലക് അടുത്ത പന്ത് റൗഫിനെ സിക്സിന് പറത്തി ഇന്ത്യയെ വിജയത്തിന് അരികിലെത്തിച്ചു. അടുത്ത പന്തില്‍ തിലക് സിംഗിളെടുത്തത്തോടെ സ്കോർ തുല്യമായി. ഇതോടെ വിജയറണ്ണെടുക്കാനുള്ള നിയോഗം റിങ്കുവിലായി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി റിങ്കു ഇന്ത്യയുടെ അവിസ്മരണീയ ജയം പൂര്‍ത്തിയാക്കുകയും ചെയ്തു. 

അച്ചട്ടായ പ്രവചനം

എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചത് ഇതൊന്നുമായിരുന്നില്ല. ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പ് ഇന്ത്യൻ താരങ്ങളായ തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരോട് ടൂര്‍ണമെന്‍റിനെക്കുറിച്ച് പ്രവചിക്കാനും ഇതൊരു കടലാസില്‍ എഴുതി നല്‍കാനും ബ്രോഡ്കാസ്റ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് മുമ്പ് സെപ്റ്റംബര്‍ ആറിനായിരുന്നു ഇത്. റിങ്കു അതില്‍ എഴുതി നല്‍കിയിരുന്നത് 'വിന്‍ റണ്‍' എന്നായിരുന്നു. ടീമിനായി വിന്നിംഗ് റണ്‍ എടുക്കുമെന്നായിരുന്നു റിങ്കു ഉദ്ദേശിച്ചത്. ഒടുവില്‍ ഫൈനലില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച റിങ്കുവിന് ഒരു നിയോഗം പോലെ വിജയറണ്ണെടുക്കാനുള്ള അവസരം ലഭിച്ചു. 

മത്സരശേഷം നടന്ന ചര്‍ച്ചയില്‍ ജസ്പ്രീത് ബുമ്രയുടെ ഭാര്യ കൂടിയായ അവതാരക സഞ്ജന ഗണേശനാണ് ഇന്ത്യൻ താരങ്ങളുടെ പ്രവചനം വെളിപ്പെടുത്തിയത്. തിലക് വര്‍മ എഴുതിയിരുന്നത് ഫൈനലില്‍ ടീമിനായി സ്കോർ ചെയ്യുമെ ന്നതായിരുന്നു. തിലകിന്‍റെ പ്രവചനവും അച്ചട്ടായി. ഫൈനലില്‍ ഇന്ത്യക്കായി ടോപ് സ്കോററായത് തിലക് വര്‍മയായിരുന്നു. സഞ്ജു സാംസണും ശിവം ദുബെയും ഇന്ത്യ ചാമ്പ്യൻമാരാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. അതും ഫലിച്ചു. ഇന്ത്യൻ താരങ്ങളുടെ പ്രവചനം ഫലിച്ചതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത രവി ശാസ്ത്രി പറഞ്ഞത് ഇവര്‍ക്ക് വേണമെങ്കില്‍ ജ്യോതിഷത്തിലുും ഒരു നോക്കാമെന്നതായിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി
സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്