
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോറ്റ് പരമ്പര അടിയറവെച്ചതിന് പിന്നാലെ ആരാധകരോട് മാപ്പു പറഞ്ഞ് താല്‍ക്കാലിക ക്യാപ്റ്റൻ റിഷഭ് പന്ത്. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതിനാല്‍ റിഷഭ് പന്തായിരുന്നു ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ നയിച്ചത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും റിഷഭ് പന്ത് നിരാശപ്പെടുത്തി മത്സരത്തില്‍ 408 റണ്‍സിനായിരുന്നു ഇന്ത്യ തോറ്റത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് റിഷഭ് പന്ത് ഇന്ത്യൻ ടീമിന്‍റെ മോശം പ്രകടനത്തില്‍ ആരാധകരോട് മാപ്പു പറഞ്ഞത്. പരമ്പരയിലെ നാലു ഇന്നിംഗ്സില്‍ നിന്നായി 12.25 ശരാശരിയില്‍ 49 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്.
"കഴിഞ്ഞ രണ്ടാഴ്ച ഞങ്ങൾ മികച്ച ക്രിക്കറ്റ് അല്ല കളിച്ചതെന്ന് തുറന്നു പറയാന്‍ ഒരു മടിയും ഇല്ല. ഒരു ടീം എന്ന നിലയിലും വ്യക്തികളെന്ന നിലയിലും, ഉന്നതനിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാനും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്താനുമാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്.
ഇത്തവണ പക്ഷെ ഞങ്ങൾക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല, ഒരു ടീം എന്ന നിലയിലും വ്യക്തികളെന്ന നിലയിലും - പഠിക്കാനും പൊരുത്തപ്പെടാനും വളരാനും സ്പോർട്സ് നിങ്ങളെ പഠിപ്പിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഈ ടീമിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങൾക്കറിയാം, ഒരു ടീമായും വ്യക്തികളായും കൂടുതൽ ശക്തവും മികച്ച നിലയില്‍ തിരിച്ചുവരാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്യും, നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്കും സ്നേഹത്തിനും നന്ദി എന്നായിരുന്നു റിഷഭ് പന്ത് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന് തോറ്റ ഇന്ത്യക്ക് ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമെ പരമ്പര സമനിലയാക്കാന്‍ കഴിയുമായിരുന്നുള്ളു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായാണ് 30 റണ്‍സിന്‍റെ അവിശ്വസനീയ തോല്‍വി വഴങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക