ഉത്തരവാദിത്തം എനിക്ക് മാത്രമല്ല; ഡിആര്‍എസ് തീരുമാനങ്ങളില്‍ പന്തിനേയും പഴിച്ച് അശ്വിന്‍

By Web TeamFirst Published Mar 16, 2021, 4:39 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അശ്വിന്റെ റിവ്യൂ തീരുമാനങ്ങള്‍ പലതും തെറ്റിയിരുന്നു. റിവ്യൂ എടുക്കുന്നതിന് പിന്നിയെ യഥാര്‍ത്ഥ കഥ വ്യക്തമാക്കിയിരിക്കുകയാണ് അശ്വിന്‍.

ചെന്നൈ: ഡിആര്‍എസില്‍ പിഴവ് സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അശ്വിന്റെ റിവ്യൂ തീരുമാനങ്ങള്‍ പലതും തെറ്റിയിരുന്നു. റിവ്യൂ എടുക്കുന്നതിന് പിന്നിയെ യഥാര്‍ത്ഥ കഥ വ്യക്തമാക്കിയിരിക്കുകയാണ് അശ്വിന്‍.

പിഴവുകളുടെ ഉത്തരവാദിത്തം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് കൂടിയുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്. അശ്വിന്റെ അഭിപ്രായം ഇങ്ങനെ... ''പിഴവുകളുടെ ഉത്തരവാദിത്തം എന്നില്‍ മാത്രം അടിച്ചേല്‍പ്പിക്കരുത്. ഡെലിവറിയുടെ ആംഗിളും, ബൗണ്‍സും കണക്കു കൂട്ടി പറയുന്നതില്‍ പന്തിന്റെ സഹായം വേണ്ടത്ര ലഭിക്കുന്നില്ല. 

പന്ത് ലൈനിലാണോ അല്ലയോ കുത്തിയതെന്ന് എനിക്ക് അറിയാനാവും. എന്നാല്‍ വിക്കറ്റ് കീപ്പറുടെ സഹായം വേണ്ടത് പിന്നീടാണ്. എന്നാല്‍ എറിയുന്ന ആംഗിളില്‍ നിന്നുള്ള ലൈന്‍ എനിക്ക് പറയാന്‍ കഴിയില്ല. അവിടെയെല്ലാം നിരവധി തവണ റിഷഭ് പന്ത് എന്നെ നിരാശപ്പെടുത്തി. ഇക്കാര്യം ഞാന്‍ പന്തിനോട് പറയുകയും ചെയ്തു.'' അശ്വിന്‍ വ്യക്തമാക്കി. 

വരും നാളുകളില്‍ ഡിആര്‍എസ് കോളുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഞാന്‍ ശ്രമിക്കുമെന്നും അശ്വിന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് ഇനി അശ്വിന് കളിക്കേണ്ട ടൂര്‍ണമെന്റ്. ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് അശ്വിന്‍.

click me!