ഇക്കാര്യത്തില്‍ കോലിയെ കണ്ട് പഠിക്കൂ; കിഷനും പന്തിനും സെവാഗിന്റെ ഉപദേശം

By Web TeamFirst Published Mar 16, 2021, 3:55 PM IST
Highlights

രണ്ടാം ടി20യില്‍ കിഷനും പന്തും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ മത്സരം ഫിനിഷ് ചെയ്തത് 73 റണ്‍സ് നേടിയ കോലിയായിരുന്നു.
 

ദില്ലി: യുവതാരങ്ങളായ റിഷഭ് പന്തിനും ഇഷാന്‍ കിഷനും ഉപദേവശവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്ന കാര്യത്തില്‍ ഇരുവരും ക്യാപ്റ്റന്‍ വിരാട് കോലിയെ കണ്ട് പഠിക്കണമെന്നാണ് സെവാഗ് പറയുന്നത്. രണ്ടാം ടി20യില്‍ കിഷനും പന്തും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ മത്സരം ഫിനിഷ് ചെയ്തത് 73 റണ്‍സ് നേടിയ കോലിയായിരുന്നു. മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് കിഷന്‍ വ്യക്തമാക്കിയിരുന്നു. 

അതിന് പിന്നാലെയാണ് സെവാഗിന്റെ വാക്കുകള്‍. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറയുന്നതിങ്ങനെ.. ''മത്സരം ഫിനിഷ് ചെയ്യാന്‍ കോലി പലപ്പോഴും ശ്രമിക്കാറുണ്ട്. അവന്റേതായ ദിവസങ്ങളില്‍ കോലി അത് ചെയ്യാറുമുണ്ട്. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇതുതന്നെയാണ് ചെയ്തിരുന്നത്. സച്ചിന്‍ എന്നോട് പറയാറുണ്ടായിരുന്നു. നിങ്ങളുടേതായ ദിവസമാണെങ്കില്‍ മത്സരം ഫിനിഷ് ചെയ്യണമെന്ന്. കഴിയാവുന്നിടത്തോളം കളിക്കാനാണ് സച്ചിന്‍ പറയാറുള്ളത്. 

കാരണം പിന്നീടുള്ള സാഹചര്യം എങ്ങനെയാണെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ഏത് ഫോര്‍മാറ്റിലായാലും കോലി മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാറുണ്ട്. കോലിയുടെ ശക്തിയും അതുതന്നെ. പന്തും കിഷനും കോലിയില്‍ നിന്ന് പഠിക്കണം. നിങ്ങളുടെ ദിവസമാണെങ്കില്‍ പുറത്താകാതിരിക്കാന്‍ ശ്രമിക്കണം.'' സെവാഗ് പറഞ്ഞുനിര്‍ത്തി. 

ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കിഷന്‍ കാഴ്ച്ചവെച്ചത്. 32 പന്തില്‍ 5 ഫോറും നാല് സിക്‌സുമടക്കം 56 റണ്‍സ് നേടിയാണ് കിഷന്‍ പുറത്തായത്. 13 പന്തില്‍ 2 ഫോറും 2 സിക്‌സുമടക്കം 26 റണ്‍സ് നേടിയ പന്തും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

click me!