ENG vs IND : 'ജീവിതത്തില്‍ മറക്കാനാവാത്ത ഇന്നിംഗ്‌സ്'; ഏകദിനത്തിലെ കന്നി സെഞ്ചുറിയെ കുറിച്ച് റിഷഭ് പന്ത് 

By Web TeamFirst Published Jul 18, 2022, 1:37 PM IST
Highlights

ര്‍ണായക ഏകദിനത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന പന്ത് സെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 113 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ 16 ഫോറും രണ്ട് സിക്‌സും ഉണ്ടായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 72 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട് നില്‍ക്കെയാണ് പന്ത് അവതരിച്ചത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ (ENG vs IND) അവസാന ഏകദിന മത്സരത്തിന് മുമ്പുവരെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മോശം ഫോമിലായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (Rishabh Pant). ടി20 പരമ്പരയില്‍ പൂര്‍ണ പരാജയമായതോടെ താരത്തെ ഒഴിവാക്കണമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു. ഓപ്പണറായിട്ടാണ് ടി20 പരമ്പരയില്‍ കളിച്ചിരുന്നത്. എന്നാല്‍ അവസരം മുതലാക്കാന്‍ പന്തിനായില്ല. ഇതോടെ മുന്‍കാല താരങ്ങളും പന്തിനെതിരെ രംഗത്തെത്തി. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു.

എന്നാല്‍ നിര്‍ണായക ഏകദിനത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന പന്ത് സെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 113 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ 16 ഫോറും രണ്ട് സിക്‌സും ഉണ്ടായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 72 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട് നില്‍ക്കെയാണ് പന്ത് അവതരിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) 55 പന്തില്‍ 77 റണ്‍സുമായി നിര്‍ണായക പിന്തുണ നല്‍കി. ഇരുവരും 133 റണ്‍സാണ് കൂട്ടിചേര്‍ത്തത്. മത്സരത്തിലെ താരവും പന്തായിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടം ഗുണം ചെയ്തു; ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ പാകിസ്ഥാനെ മറികടന്നു

മത്സരത്തിന് ശേഷം പന്ത് തന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിച്ചു. ഇന്നിംഗ്‌സ് ഞാന്‍ ജീവിതകാലം മുഴുവന്‍ ഓര്‍ക്കുമെന്നാണ് പന്ത് പറഞ്ഞത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വാക്കുകള്‍... ''ഇംഗ്ലണ്ടില്‍ കളിക്കുന്നത് എപ്പോഴും ഞാന്‍ ആസ്വദിക്കുന്നു. ഇവിടത്തെ അന്തരീക്ഷവും സാഹചര്യവും എനിക്കേറെ ഇഷ്ടമാണ്. കൂടുതല്‍ കളിക്കുമ്പോള്‍ പരിചയസമ്പത്തും കൂടും. ഇന്ത്യന്‍ ബൗളര്‍മാര്‍ മനോഹരമായി പന്തെറിഞ്ഞു. ഇംഗ്ലീഷ് ബൗളര്‍മാരെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. 

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ മികവ്; ടീമിനെ അഭിനന്ദിച്ച് ഗാംഗുലി, കോലിക്കും പ്രശംസ

ഈ മത്സരത്തില്‍ മാത്രമല്ല, പരമ്പരയില്‍ ഉടനീളം ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ ഇന്നിംഗ്‌സ് ജീവിതത്തിലുടനീളം ഞാന്‍ ഓര്‍ത്തിരിക്കും. പന്തുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഞാന്‍ കളിച്ചത്. ടീം സമ്മര്‍ദ്ദത്തിലാവുമ്പോള്‍ ഇത്തരം ശൈലിയില്‍ കളിക്കേണ്ടി വരും.'' പന്ത് പറഞ്ഞുനിര്‍ത്തി.

അടുത്തകാലത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നായിട്ടാണ് പന്തിന്റെ ബാറ്റിംഗ് വിലയിരുത്തപ്പെടുന്നത്. ഇതോടെ വിമര്‍ശകര്‍ക്ക് കടുത്ത രീതിയിലുള്ള മറുപടി നല്‍കാനും പന്തിനായി.

click me!