Asianet News MalayalamAsianet News Malayalam

ENG vs IND : ഇംഗ്ലണ്ടിലെ ഇന്ത്യന്‍ മികവ്; ടീമിനെ അഭിനന്ദിച്ച് ഗാംഗുലി, കോലിക്കും പ്രശംസ

ഇംഗ്ലണ്ടിനെതിരെ 2021ല്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ അവശേഷിച്ച ഒരു മത്സരം കൊവിഡ് കാരണം മാറ്റിവച്ചതാണ് ഇത്തവണത്തെ പര്യടനത്തില്‍ പൂര്‍ത്തിയാക്കിയത്

Sourav Ganguly rates Team India performance in England with mentioning Virat Kohli
Author
Manchester, First Published Jul 18, 2022, 12:32 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പര്യടനത്തില്‍(England vs India) മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly). ടെസ്റ്റ് പരമ്പര 2-2ന് സമനിലയിലായപ്പോള്‍ ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പരയിലെ മുന്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ച വിരാട് കോലിയേയും(Virat Kohli) മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയേയും(Ravi Shastri) അടക്കം പരാമര്‍ശിച്ചാണ് ദാദയുടെ ട്വീറ്റ്. 

'ഇംഗ്ലണ്ടിലേത് ഗംഭീര പ്രകടനം. ഇംഗ്ലണ്ടില്‍ മികവ് കാട്ടുക അത്ര എളുപ്പമല്ല. ടെസ്റ്റ് പരമ്പര 2-2. ടി20, ഏകദിന പരമ്പരകള്‍ വിജയിച്ചു. രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും രവി ശാസ്‌ത്രിയും വിരാട് കോലിയും ഗംഭീരമാക്കി. റിഷഭ് പന്ത് സ്‌പെഷ്യലായി, ഒപ്പം ഹാര്‍ദിക് പാണ്ഡ്യയും' എന്നാണ് സൗരവ് ഗാംഗുലിയുടെ ട്വീറ്റ്. നിലവില്‍ ഇന്ത്യന്‍ ടീമിന്‍റെ നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമാണെങ്കിലും കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പരയിലെ മുന്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ചത് വിരാട് കോലിയും പരിശീലകന്‍ രവി ശാസ്‌ത്രിയുമായിരുന്നു. 

ഇംഗ്ലണ്ടിനെതിരെ 2021ല്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ അവശേഷിച്ച ഒരു മത്സരം കൊവിഡ് കാരണം മാറ്റിവച്ചതാണ് ഇത്തവണത്തെ പര്യടനത്തില്‍ പൂര്‍ത്തിയാക്കിയത്. എഡ്‌ജ്‌ബാസ്റ്റണില്‍ നടന്ന ഈ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. പുനക്രമീകരിച്ച ടെസ്റ്റില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് ജയം. എന്നാല്‍  ടി20കളും ഏകദിന പരമ്പരയും 2-1ന് വിജയിച്ച് ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചെത്തി. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ ഏകദിന പരമ്പര വിജയിക്കുന്നത്. 

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് വിസ്‌മയ പ്രകടനം പുറത്തെടുത്തതോടെയാണ് ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമായത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിഷഭ് പന്ത് 113 പന്തിൽ പുറത്താവാതെ 125* റൺസെടുത്തു. ഹാര്‍ദിക് പാണ്ഡ്യ(55 പന്തില്‍ 71) റിഷഭിന് മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും 132 റൺസിന്‍റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. നാല് വിക്കറ്റുമായി ബൗളിംഗിലും പാണ്ഡ്യ തിളങ്ങി. 

4, 4, 4, 4, 4! തുടര്‍ച്ചയായി അഞ്ച് ബൗണ്ടറി; വില്ലിയേ വില്ലോ കൊണ്ട് അടിച്ചോടിച്ച് റിഷഭ് പന്ത്- വീഡിയോ

Follow Us:
Download App:
  • android
  • ios