പാകിസ്ഥാന്‍ (106) നാലാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയ (101), ദക്ഷിണാഫ്രിക്ക (99), ബംഗ്ലാദേശ് (98), ശ്രീലങ്ക (92), വെസ്റ്റ് ഇന്‍ഡീസ് (70), അഫ്ഗാനിസ്ഥാന്‍ (69) എന്നിവര്‍ യഥാക്രമം അഞ്ച് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുണ്ട്.

ദുബായ്: ഇംഗ്ലണ്ടിനെതിരായ (ENGvIND) ഏകദിന പരമ്പര സ്വന്തമാക്കിതോടെ ഐസിസി ഏകദിന റാങ്കിംഗില്‍ (ICC ODI Ranking) ഇന്ത്യക്ക് നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ പാകിസ്ഥാനെ (Pakistan) പിന്തള്ളി മൂന്നാമതെത്തി. പരമ്പര തോറ്റെങ്കിലും ഇംഗ്ലണ്ട് രണ്ടാംസ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡാണ് ഒന്നാമത്. 128 പോയിന്റാണ് കിവീസിനുള്ളത്. ഇംഗ്ലണ്ടിന് 121 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനക്കാരേക്കാള്‍ 12 പോയിന്റ് കുറവുണ്ട് ഇന്ത്യക്ക്.

പാകിസ്ഥാന്‍ (106) നാലാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയ (101), ദക്ഷിണാഫ്രിക്ക (99), ബംഗ്ലാദേശ് (98), ശ്രീലങ്ക (92), വെസ്റ്റ് ഇന്‍ഡീസ് (70), അഫ്ഗാനിസ്ഥാന്‍ (69) എന്നിവര്‍ യഥാക്രമം അഞ്ച് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുണ്ട്. വരുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ പരമ്പര തൂത്തുവാരാനായല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പാകിസ്ഥാനെ മറികടക്കാം. ഇന്ത്യക്ക് ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര കളിക്കാനുണ്ട്. അതില്‍ ജയിക്കാനായാല്‍ പോയിന്റില്‍ മാറ്റം വരും.

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന മത്സരം അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കന്നി ഏകദിന സെഞ്ചുറിയാണ് ഇന്ത്യക്ക് പരമ്പര നേടികൊടുത്തത്. 113 പന്തുകള്‍ നേരിട്ട പന്ത് പുറത്താവാതെ 125 റണ്‍സെടുത്തു. 55 പന്തില്‍ 71 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ നിര്‍ണായക പിന്തുണ നല്‍കി. നാല് വിക്കറ്റ് നേടിയ പാണ്ഡ്യ ബൗളിംഗിലും തിളങ്ങിയിരുന്നു. ഹാര്‍ദിക്കാണ് പരമ്പരയിലെ താരം. പന്ത് പ്ലയര്‍ ഓഫ് ദ മാച്ചായി.