
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് ഏഴാമതെത്തി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പന്തിന് തുണയായത്. ഗാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 165 റണ്‍സിന്റെ വിജയം നേടിയപ്പോള്‍, ആദ്യ ഇന്നിംഗ്സില്‍ 39 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 66 റണ്‍സും പന്ത് നേടിയിരുന്നു.
ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പന്ത് ആദ്യ പത്തില്‍ ഇടംപിടിച്ചത്. അതേസമയം, ശുഭ്മാന്‍ ഗില്‍ എട്ടാം സ്ഥാനത്താണ്. 2026-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടക്കാരില്‍ ഒരാളാണ് പന്ത്. മൂന്ന് ടെസ്റ്റുകളില്‍ നിന്നായി മൂന്ന് അര്‍ദ്ധശതകങ്ങളോടെ അദ്ദേഹം 249 റണ്‍സ് നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ഈ വര്‍ഷം ടെസ്റ്റില്‍ പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് (3 ഇന്നിംഗ്സുകളില്‍ നിന്ന് 328 റണ്‍സ്) നേടിയിട്ടുള്ളത്.
സായ് സുദര്‍ശന്റെ പരിക്കിനെത്തുടര്‍ന്ന് ലഭിച്ച അവസരം മുതലാക്കിയ പടിക്കല്‍, ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളിലും ഓരോ സെഞ്ച്വറി വീതം നേടിയിരുന്നു. ഗാലെയിലെ ആദ്യ ടെസ്റ്റിലെ സെഞ്ച്വറിയുടെ കരുത്തില്‍ അദ്ദേഹം ആദ്യ 50-ല്‍ ഇടംപിടിച്ചു.
മറുവശത്ത്, മോശം ഫോമിനെ തുടര്‍ന്ന് യശസ്വി ജയ്സ്വാള്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. രണ്ട് സ്ഥാനങ്ങള്‍ താഴെയിറങ്ങിയ താരം 11-ാം സ്ഥാനത്താണ്. ഈ വര്‍ഷം ടെസ്റ്റില്‍ ഇതുവരെ അര്‍ദ്ധശതകം നേടാന്‍ ജയ്സ്വാളിന് സാധിച്ചിട്ടില്ല. ജൂണില്‍ ചണ്ഡീഗഡില്‍ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിലും, ശ്രീലങ്കയ്ക്കെതിരായ പരമ്പരയുടെ തുടക്കത്തിലും താരം നിരാശപ്പെടുത്തിയിരുന്നു.
മറ്റു ഇന്ത്യന്‍ താരങ്ങളെടുത്താല്‍, രവീന്ദ്ര ജഡേജയും കെ.എല്‍. രാഹുലും യഥാക്രമം 29, 30 സ്ഥാനങ്ങളിലാണ്. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. ആദ്യ 25 സ്ഥാനങ്ങളില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരാരും ഇല്ല. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ആണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ജോ റൂട്ട് രണ്ടാമതും, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ടെംബ ബാവുമ എന്നിവര്‍ ആദ്യ അഞ്ചിലും ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് പരിക്കുമൂലം നഷ്ടമായ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പത്താം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!