ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഒഴിവാക്കി ഇന്ത്യന്‍ ടീം; കാരണമെന്ത്?

By Web TeamFirst Published Dec 4, 2022, 11:49 AM IST
Highlights

ആദ്യ ഏകദിനത്തിനുള്ള ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റിഷഭ് പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്നുള്ള അറിയിപ്പ് ടീം ഇന്ത്യ മാനേജ്മെന്‍റ് നല്‍കിയത്

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഒഴിവാക്കി. ആദ്യ ഏകദിനത്തിനുള്ള ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റിഷഭ് പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്നുള്ള അറിയിപ്പ് ടീം ഇന്ത്യ മാനേജ്മെന്‍റ് നല്‍കിയത്. പന്തിന് പകരം ഇന്ന് കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പിംഗിന്‍റെ അധിക ചുമതല നിര്‍വഹിക്കുക. റിഷഭ് പന്തിനെ എന്തിനാണ് ഒഴിവാക്കിയതെന്ന് ഇതുവരെ വ്യക്തമായ അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല.

എന്നാല്‍, പന്തിനെ ചെറിയ പരിക്ക് അലട്ടുന്നുണ്ടെന്നാണ് ടീം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. മെഡിക്കല്‍ ടീമിന്‍റെ നിര്‍ദേശം അനുസരിച്ചാണ് പന്തിനെ ടീമില്‍ നിന്ന് മാറ്റിയത്. പകരം താരങ്ങളെയൊന്നും ടീമിലേക്ക് വിളിച്ചിട്ടില്ല. ബംഗ്ലാദേശിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് പന്ത് തിരികെ എത്തും.  

2023 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള കുതിപ്പിനാണ് ഇന്ത്യ ബംഗ്ലാദേശില്‍ തുടക്കമിടുന്നത്. ന്യൂസിലന്‍ഡ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന സീനിയര്‍ താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി. കുല്‍ദീപ് സെന്‍ ഇന്ന് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. 

ഇന്ത്യന്‍ ടീം

Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Shahbaz Ahmed, Shardul Thakur, Deepak Chahar, Mohammed Siraj, Kuldeep Sen

ബംഗ്ലാദേശ് ടീം

Litton Das(c), Anamul Haque, Najmul Hossain Shanto, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Hasan Mahmud, Mustafizur Rahman, Ebadot Hossain

പരമ്പര ആരംഭിക്കുന്നത് തൊട്ട് മുമ്പ് പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. തോളിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. ഏകദിനങ്ങള്‍ക്ക് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചെത്തിയേക്കും.

click me!