ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതോടെ താരത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നു. ജഡേജയുടെ ഏകദിന കരിയർ അവസാനിച്ചേക്കാമെന്ന് ചേതേശ്വർ പൂജാര അഭിപ്രായപ്പെടുമ്പോൾ, അദ്ദേഹം മികച്ചൊരു ബാക്കപ്പായി തുടരുമെന്നാണ് അഭിഷേക് നായരുടെ വിലയിരുത്തൽ.
മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയറിലെ ഭാവിയെച്ചൊല്ലി പ്രതികരണങ്ങളുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും അഭിഷേക് നായരും. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് 37കാരനായ ജഡേജയെ ഒഴിവാക്കി പകരം അക്‌സര്‍ പട്ടേലിന് മുന്‍ഗണന നല്‍കിയ പശ്ചാത്തലത്തിലാണ് ഇരുതാരങ്ങളുടെയും നിരീക്ഷണം. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ, പ്രത്യേകിച്ച് വിദേശ പിച്ചുകളില്‍ ജഡേജയെ നിരന്തരം ഒഴിവാക്കുന്നത് അദ്ദേഹത്തിന്റെ ഏകദിന കരിയറിന്റെ അവസാനമാകാം എന്ന് പൂജാര അഭിപ്രായപ്പെട്ടപ്പോള്‍, ടീമില്‍ ജഡേജ തുടരുമെന്നാണ് അഭിഷേക് നായരുടെ വിലയിരുത്തല്‍.
ചേതേശ്വര്‍ പൂജാരയുടെ വാക്കുകള്‍... ''ഏകദിനത്തില്‍ രവീന്ദ്ര ജഡേജയെ നിലനിര്‍ത്താന്‍ ടീം മാനേജ്മെന്റ് ആഗ്രഹിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തുമായിരുന്നു. നിലവില്‍ അക്‌സര്‍ പട്ടേലിനാണ് പ്രധാന ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നത്. ജഡേജയുടെ പ്രായം കൂടി കണക്കിലെടുത്ത്, ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്നും മാനേജ്മെന്റ് വ്യക്തമായി ആശയവിനിമയം നടത്തിയിട്ടുണ്ടാകും. ടി20യില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതിനാല്‍ ഏകദിനത്തിലും അദ്ദേഹത്തിന്റെ വഴി അടഞ്ഞേക്കാം.'' പൂജാര വ്യക്തമാക്കി.
അഭിഷേക് നായര്‍ പറയുന്നതിങ്ങനെ... ''ജഡേജ പ്രധാന ടീമിലേക്ക് തിരിച്ചുവന്നില്ലെങ്കിലും, അക്‌സര്‍ പട്ടേലിന് എന്തെങ്കിലും പരിക്കോ മറ്റോ സംഭവിച്ചാല്‍ പകരം ടീമ മാനേജ്മെന്റിന്റെ മനസ്സിലേക്ക് ആദ്യം വരുന്ന പേര് ജഡേജയുടേത് തന്നെയായിരിക്കും. കാരണം അക്‌സറിന് ശേഷം അത്രയും പരിചയസമ്പന്നനായ മറ്റൊരു താരം നമുക്കില്ല. നിലവില്‍ അക്‌സര്‍ പട്ടേല്‍ ഒന്നാമതും ജഡേജ ഒരു പ്രധാന ബാക്കപ്പായും ടീമില്‍ തുടരും.'' അഭിഷേക് പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ നിര്‍ണായക ഏകദിന പരമ്പര നവംബര്‍ 4-ന് ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീം കോമ്പിനേഷനുകള്‍ കണ്ടെത്താന്‍ ഇന്ത്യക്ക് ഈ പരമ്പര ഏറെ നിര്‍ണായകമാണ്.





