ആശങ്കകള്‍ക്ക് വിരാമം; പരിക്കേറ്റ് മടങ്ങിയ റിഷഭ് പന്ത് രണ്ടാം ദിനം ബാറ്റിംഗിന് ഇറങ്ങുമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്

Published : Aug 23, 2026, 07:19 PM IST
Rishabh Pant

Synopsis

കൊളംബോ ടെസ്റ്റിനിടെ പരിക്കേറ്റ് മടങ്ങിയ റിഷഭ് പന്ത് രണ്ടാം ദിനം ബാറ്റിംഗിന് ഇറങ്ങുമെന്ന് ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക് അറിയിച്ചു. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ആദ്യ ദിനം 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എന്ന ശക്തമായ നിലയിലാണ്.

കൊളംബോ: റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിംഗ് തുടരാന്‍ ഫിറ്റായിരിക്കുമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക്. 58-ാം ഓവറില്‍ ലാഹിരു കുമാരയുടെ ഷോര്‍ട്ട് ഡെലിവറി പുള്‍ ചെയ്യുന്നതിനിടെയാണ് പന്തിന്റെ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഗ്ലൗവില്‍ തട്ടുകയായിരുന്നു. താരം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഫിസിയോയെത്തി ഐസ് പാക്ക് വെച്ച് പരിശോധന നടത്തിയ ശേഷം പന്ത് കളം വിടുകയായിരുന്നു.

ആദ്യ ദിനത്തിലെ കളി അവസാനിച്ചതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ഇന്ത്യന്‍ ക്യാമ്പിന്റെ ആശങ്കകള്‍ അകറ്റിയ കൊട്ടക്, പന്ത് ക്രീസിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമാക്കുകയായിരുന്നു. പന്ത് തന്റെ ഇന്നിങ്സ് പുനരാരംഭിക്കുമെന്ന വാര്‍ത്ത ഇന്ത്യക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. പന്തിന്റെ തിരിച്ചുവരവ് ഇന്ത്യയുടെ ലോവര്‍ ഓര്‍ഡറിന് കരുത്ത് പകരും. ദ്രുവ് ജുറലും സരന്‍ഷ് ജെയിനും സ്‌കോര്‍ ഉയര്‍ത്തിയ ശേഷം, പന്ത് ക്രീസിലെത്തിയാല്‍ ഇന്ത്യക്ക് അത് വലിയൊരു ആനുകൂല്യമാകും.

ഇന്ത്യ മികച്ച നിലയില്‍

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി. പരമ്പരയിലെ തന്റെ രണ്ടാം സെഞ്ച്വറി നേടിയ പടിക്കലാണ് (193 പന്തില്‍ 117) ആദ്യ ദിനത്തിലെ താരം. തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ശുഭ്മാന്‍ ഗില്ലിന്റെ അര്‍ദ്ധശതകത്തിന്റെ കൂടി കരുത്തിലാണ് ഇന്ത്യ കരകയറിയത്. യശസ്വി ജയ്‌സ്വാളും കെ എല്‍ രാഹുലും പെട്ടെന്ന് പുറത്തായെങ്കിലും, പടിക്കലും ഗില്ലും ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് കെട്ടിപ്പടുത്തു. അര്‍ദ്ധശതകം തികച്ചതിന് പിന്നാലെ ഗില്‍ പുറത്തായെങ്കിലും പടിക്കല്‍ തന്റെ ബാറ്റിംഗ് തുടര്‍ന്നു.

അവസാന സെഷനില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. പുതിയ പന്ത് എടുക്കുന്നതിന് തൊട്ടുമുമ്പ് പടിക്കല്‍ പുറത്തായി. ദിവസത്തെ അവസാന ഓവറിലാണ് ജഡേജ (43) പുറത്താകുന്നത്. രണ്ടാം ദിനം വേഗത്തില്‍ റണ്‍സ് നേടി വലിയൊരു ആദ്യ ഇന്നിങ്സ് സ്‌കോര്‍ പടുത്തുയര്‍ത്താനാകും ഇന്ത്യയുടെ ശ്രമം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

27 വര്‍ഷം മുമ്പുള്ള ദ്രാവിഡിന്റെ റെക്കോഡ് മറികടന്ന് ദേവ്ദത്ത് പടിക്കല്‍; സ്റ്റീഫന്‍ ഫ്‌ളെമിംഗും പിന്നിലായി
കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്; മഴ കളിച്ച മത്സരത്തില്‍ ജയം നാല് വിക്കറ്റിന്