റിഷഭ് പന്ത് ഒറ്റക്കാവില്ല, അടുത്ത ഐപിഎല്ലില്‍ ക്യാപ്റ്റൻ സ്ഥാനം തെറിക്കാൻ സാധ്യതയുള്ള 4 വമ്പൻ താരങ്ങള്‍

Published : Jun 05, 2026, 09:08 PM IST
KKR vs CSK Match today

Synopsis

ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബൈ ഇന്ത്യൻസിന് കടുത്ത തിരിച്ചടിയുടെ സീസണായിരുന്നു കടന്നുപോയത്. 14 മത്സരങ്ങളിൽ നാലെണ്ണം മാത്രം ജയിച്ച് ഒൻപതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.

മുംബൈ: ഐപിഎൽ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്‌സിന്‍റെ നായകസ്ഥാനം റിഷഭ് പന്ത് രാജിവെച്ചതിന് പിന്നാലെ പുതിയ നായകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം. 27 കോടിയെന്ന റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ റിഷഭ് പന്തിന് കീഴിൽ കഴിഞ്ഞ സീസണിൽ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ലക്നൗ ഫിനിഷ് ചെയ്തത്. ലക്നൗവിന് അടുത്ത സീസണിൽ പുതിയ ക്യാപ്റ്റൻ വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, വരാനിരിക്കുന്ന ഐപിഎൽ സീസണിൽ നായകന്മാരെ മാറ്റാൻ സാധ്യതയുള്ള മറ്റ് 4 പ്രമുഖ ടീമുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം:

മുംബൈ ഇന്ത്യൻസ്

ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബൈ ഇന്ത്യൻസിന് കടുത്ത തിരിച്ചടിയുടെ സീസണായിരുന്നു കടന്നുപോയത്. 14 മത്സരങ്ങളിൽ നാലെണ്ണം മാത്രം ജയിച്ച് ഒൻപതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെട്ട ഹാർദിക് 10 ഇന്നിംഗ്സുകളിൽ നിന്ന് വെറും 206 റൺസാണ് നേടിയത്. കടുത്ത മാനസിക സമ്മർദ്ദവും തളർച്ചയും കാരണം ഹാർദിക് മുംബൈ ഇന്ത്യൻസ് വിടാൻ തീരുമാനിച്ചതായാണ് സൂചനകൾ. സീസണിനിടയിൽ തന്നെ താരം ഇക്കാര്യം ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ പരിക്കിന്‍റെ പ്രശ്നങ്ങളും അലട്ടുന്നതിനാൽ മുംബൈയ്ക്ക് അടുത്ത സീസണിൽ പുതിയൊരു നായകനെ കണ്ടെത്തേണ്ടി വരും.

ചെന്നൈ സൂപ്പർ കിംഗ്സ്

എം.എസ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ റുതുരാജ് ഗെയ്ക്‌വാദിന് നായകനെന്ന നിലയിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ വെറും 6 ജയം മാത്രം സ്വന്തമാക്കിയ സിഎസ്‌കെ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നായകന്‍റെ സമ്മർദ്ദം ഗെയ്ക്‌വാദിന്‍റെ ബാറ്റിംഗിനെയും ബാധിച്ചു; 123.44 എന്ന കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ 337 റൺസ് മാത്രമാണ് താരം നേടിയത്. ഈ സാഹചര്യത്തിൽ ഗെയ്ക്‌വാദിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പുതിയൊരു തന്ത്രജ്ഞനെ സിഎസ്‌കെ പരീക്ഷിച്ചേക്കാം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

2024-ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെ റിലീസ് ചെയ്ത്, അജിങ്ക്യ രഹാനെയെ കെകെആർ അപ്രതീക്ഷിതമായി ക്യാപ്റ്റനാക്കിയിരുന്നു. എന്നാൽ രഹാനെയ്ക്ക് കീഴിൽ കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേഓഫിലെത്താൻ കൊൽക്കത്തയ്ക്കായില്ല. കഴിഞ്ഞ സീസണിൽ ആദ്യ 6 മത്സരങ്ങളിൽ അഞ്ചിലും തോറ്റ ശേഷം മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഏഴാം സ്ഥാനത്ത് ഒതുങ്ങാനായിരുന്നു കെകെആറിന്‍റെ വിധി. രഹാനെയുടെ ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയും പ്രായവും കണക്കിലെടുത്ത് കെകെആറും പുതിയൊരു നായകനെ തേടാൻ സാധ്യതയേറെയാണ്.

ഡൽഹി ക്യാപിറ്റൽസ്

റിഷഭ് പന്ത് ടീം വിട്ടതോടെ സീനിയർ ഓൾറൗണ്ടർ അക്ഷർ പട്ടേലാണ് ഡൽഹിയെ നയിക്കുന്നത്. കടലാസില്‍ ശക്തമായ ടീമുണ്ടായിട്ടും നിർണ്ണായക ഘട്ടങ്ങളിൽ അക്ഷറിന്‍ഫെ തന്ത്രപരമായ പിഴവുകൾ ഡൽഹിക്ക് തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. നായകസ്ഥാനത്തിന്‍റെ സമ്മർദ്ദം അക്സറിന്‍റെ ഓൾറൗണ്ട് പ്രകടനത്തെയും ബാധിച്ചതിനാൽ ഡൽഹിയും പുതിയൊരു ക്യാപ്റ്റനെ കൊണ്ടുവരാൻ ഗൗരവമായി ആലോചിക്കുന്നുണ്ട്.

സൺറൈസേഴ്‌സ് ഹൈദരാബാദ് 

കഴിഞ്ഞ സീസണിൽ ഹൈദരാബാദ് പ്ലേഓഫിലെത്തിയെങ്കിലും നായകൻ പാറ്റ് കമ്മിൻസിന്‍റെ ഫിറ്റ്‌നസ് പ്രശ്നങ്ങൾ ടീമിനെ അലട്ടിയിരുന്നു. പരിക്ക് കാരണം 8 മത്സരങ്ങളിൽ മാത്രമാണ് കമ്മിൻസ് കളിച്ചത്. കമ്മിൻസിന്‍റെ അസാന്നിധ്യത്തിൽ ടീമിനെ നയിച്ച ഇഷാൻ കിഷൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കനത്ത അന്താരാഷ്ട്ര മത്സരക്രമം കാരണം കമ്മിൻസ് 2027 ഐപിഎല്ലിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവതാരം ഇഷാൻ കിഷനെ ഹൈദരാബാദ് തങ്ങളുടെ മുഴുവൻ സമയ ക്യാപ്റ്റനായി പ്രഖ്യാപിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം, പക്ഷേ...'; കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെക്കുറിച്ച് മനസ്സ് തുറന്ന് അശ്വിൻ
'ട്രക്കിനടിയിലേക്ക് പാഞ്ഞുകയറി കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു'; ഐപിഎൽ ഫൈനലിന് പിന്നാലെ മൈക്കൽ ക്ലാർക്കിന് അത്ഭുത രക്ഷപ്പെടൽ