
ഗുവാഹത്തി: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ വിജയത്തിന് പിന്നിൽ കൃത്യമായ ഗൃഹപാഠമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നായകൻ റിയാൻ പരാഗ്. പ്രത്യേകിച്ച്, ചെന്നൈയുടെ വലിയ പ്രതീക്ഷയായിരുന്ന സഞ്ജു സാംസണെ വെറും 6 റൺസിന് പുറത്താക്കിയത് മുന്‍കൂട്ടി തയാറാക്കിയ തന്ത്രത്തിന്‍റെ ഭാഗമായിരുന്നുവെന്നും മത്സരശേഷം പരാഗ് പറഞ്ഞു.
സഞ്ജു സാംസൺ നേരിട്ട ആദ്യത്തെ മൂന്ന്-നാല് പന്തുകൾ നിരീക്ഷിച്ച ശേഷമാണ് തങ്ങൾ ആ തന്ത്രവുമായി മുന്നോട്ട് പോയതെന്ന് പരാഗ് വിശദീകരിച്ചു. സഞ്ജു ഭായിയോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം നേരിടുന്ന ആദ്യ നാലഞ്ച് പന്തുകൾ എങ്ങോട്ടാണ് കളിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചു. അതിനനുസരിച്ച് ഫീൽഡർമാരെ വിന്യസിച്ചു. അദ്ദേഹത്തിന് പ്രിയപ്പെട്ട ഷോട്ടിന് പകരം മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതൊരു ചൂതാട്ടം പോലെയായിരുന്നു, എങ്കിലും അത് ഞങ്ങൾക്ക് ഗുണകരമായി- പരാഗ് പറഞ്ഞു.
സഞ്ജുവിന് ഏറെ ഇഷ്ടപ്പെട്ട പുൾ ഷോട്ടുകൾ കളിക്കാൻ അവസരം നൽകാതെ, അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന രീതിയിൽ പന്തെറിയാനാണ് ബൗളർമാർക്ക് നൽകിയ നിർദ്ദേശമെന്നും സഞ്ജു പുറത്തായ ഷോട്ടിനെക്കുറിച്ച് പരാഗ് പറഞ്ഞു. സഞ്ജു പുറത്തായ ആ ഷോട്ട് അദ്ദേഹം കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന് ഷോർട്ട് ബോളുകൾ എറിഞ്ഞു കൊടുത്ത് അത് പുൾ ചെയ്യാൻ ഞങ്ങൾ അനുവദിച്ചില്ല. പകരം ബാറ്റ്സ്മാനെ അസ്വസ്ഥനാക്കുന്ന രീതിയിൽ പന്തെറിയാനാണ് ശ്രമിച്ചത്. ആ തന്ത്രം ഫലിച്ചു. അത് പാളിയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഇവിടെ വിഡ്ഢിയെപ്പോലെ ഇരിക്കേണ്ടി വരുമായിരുന്നു- റിയാൻ പരാഗ് ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.
തന്‍റെ മുൻ ടീമിനെതിരെ പുതിയ ടീമായ ചെന്നൈയ്ക്ക് വേണ്ടിയുമുള്ള ആദ്യ മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. 7 പന്തിൽ 6 റൺസ് മാത്രമെടുത്ത് പുറത്തായ സഞ്ജുവിന്‍റെ വിക്കറ്റ് വീഴ്ത്തിയത് രാജസ്ഥാൻ ബൗളർ നാന്ദ്രെ ബർഗറായിരുന്നു. റിയാൻ പരാഗിന്‍റെ കൃത്യമായ ഫീൽഡ് പ്ലേസ്മെന്‍റായിരുന്നു സഞ്ജുവിന്‍റെ വിക്കറ്റിലേക്ക് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!