ടി20 ലോകകപ്പിൽ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം നേടിയ സഞ്ജു സാംസണ് അയർലൻഡ് പരമ്പരയിൽ ഓപ്പണറായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത അഗ്നിപരീക്ഷയ്ക്ക് ഒരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10നാണ് കളി തുടങ്ങുക. അയർലൻഡിനോട് അപ്രതീക്ഷിക തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ മാറ്റങ്ങളോടെയാകും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക. 15-കാരൻ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടി20 ലോകകപ്പിൽ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം നേടിയ സഞ്ജു സാംസണ് അയർലൻഡ് പരമ്പരയിൽ ഓപ്പണറായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ 5 റൺസ് മാത്രം നേടിയ സഞ്ജു, ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങി. അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരുന്ന വൈഭവ് സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന.

ടോപ്പ് ഓർഡറിൽ തുടർച്ചയായി മൂന്ന് ഇടംകയ്യൻ ബാറ്റ്സ്മാന്മാർ വരുന്നത് ഒഴിവാക്കാൻ ടീം തീരുമാനിച്ചാൽ, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ പുറത്തിരിക്കേണ്ടി വരും. ഇഷാനും അയർലൻഡിനെതിരെ (1 റൺസ്, 12 റൺസ്) ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. നിലവിൽ ലോക ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനായ അഭിഷേക് ശർമയായിരിക്കും മറ്റൊരു ഓപ്പണർ. അയർലൻഡിനെതിരെ ആദ്യ കളിയിൽ 20 പന്തിൽ 49 റൺസ് അടിച്ചുകൂട്ടിയ അഭിഷേകിന്‍റെ സ്ഥാനം സുരക്ഷിതമാണ്.

ശ്രേയസ് അയ്യർക്ക് നിർണ്ണായകം; സുന്ദർ തിരിച്ചെത്തിയേക്കും

ക്യാപ്റ്റൻ എന്ന നിലയിൽ തന്‍റെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ച ശ്രേയസ് അയ്യർക്ക് ഈ മത്സരം ഏറെ നിർണായകമാണ്. ഇന്ത്യയുടെ ഒരു ക്യാപ്റ്റനും തന്‍റെ ആദ്യ മൂന്ന് ടി20 മത്സരങ്ങളും തോറ്റിട്ടില്ല എന്ന നാണംകെട്ട റെക്കോർഡ് ഒഴിവാക്കാനാകും അയ്യരുടെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാൻ കഴിയാതിരുന്ന മുംബൈ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്ഗെയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഓൾറൗണ്ടർ അക്സർ പട്ടേലും ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ് എന്നിവരടങ്ങുന്ന പേസ് നിരയും ടീമിൽ തുടരും.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20-ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക