തകര്‍ത്തടിച്ച് പീറ്റേഴ്സണ്‍, പത്താന്‍റെ പോരാട്ടം പാഴായി; ഇംഗ്ലണ്ട് ലെജന്‍ഡ്സിനെതിരെ ഇന്ത്യക്ക് തോല്‍വി

By Web TeamFirst Published Mar 9, 2021, 10:45 PM IST
Highlights

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഇര്‍ഫാന്‍ പത്താനും(34 പന്തില്‍ 61*), മന്‍പ്രീത് ഗോണിയും(16 പന്തില്‍ 35*) ചേര്‍ന്ന് 27 പന്തില്‍ 63 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും വിജയവര കടക്കാനായില്ല.

റായ്‌പൂര്‍: റോഡ് സേഫ്റ്റി സീരീസില്‍  മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്സന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവില്‍ ഇന്ത്യ ലെജന്‍ഡ്സിനെ ആറ് റണ്‍സിന് കീഴടക്കി ഇംഗ്ലണ്ട് ലെജന്‍ഡ്സ്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ലെജന്‍ഡ്സ് കെവിന്‍ പീറ്റേഴ്സന്‍റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ലെഡന്‍ഡ്സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഇര്‍ഫാന്‍ പത്താനും(34 പന്തില്‍ 61*), മന്‍പ്രീത് ഗോണിയും(16 പന്തില്‍ 35*) ചേര്‍ന്ന് 27 പന്തില്‍ 63 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും വിജയവര കടക്കാനായില്ല. റിയാന്‍ സൈഡ് ബോട്ടം എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് 19 റണ്‍സായിരുന്ന ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇര്‍ഫാന്‍റെ സിക്സ് അടക്കം ഇന്ത്യക്ക് 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

നേരത്തെ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങി ഇന്ത്യയുടെ പ്രതീക്ഷകള്‍ മിന്നുന്ന ഫോമിലുള്ള വീരേന്ദര്‍ സെവാഗിലായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ സെവാഗിനെ(6) ഇന്ത്യക്ക് നഷ്ടമായി. ഹോഗാര്‍ഡിനായിരുന്നു വിക്കറ്റ്.

മൂന്നാം ഓവറില്‍ മുഹമ്മദ് കൈഫിനെയും(1),സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും(9),മടക്കി മോണ്ടി പനേസര്‍ ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. യുവരാജ് സിംഗും(20) പനേസറിന് മുന്നില്‍ വീണു. എസ് ബദരീനാഥ്(8), യൂസഫ് പത്താന്‍(17) എന്നിവരും കാര്യമായന്നും ചെയ്യാതെ മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതിയെങ്കിലും ഇര്‍ഫാന്‍ പത്താന്‍റെയും മന്‍പ്രീത് ഗോണിയുടെയും പോരാട്ട വീര്യം ഇന്ത്യയെ അവിശ്വസനീയ വിജയത്തിന്  തൊട്ടടുത്തെത്തിച്ചു. ഇംഗ്ലണ്ടിനായി മോണ്ടി പനേസര്‍ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലെജന്‍ഡ്സിനായി 37പന്തില്‍ 75 റണ്‍സടിച്ച പീറ്റേഴ്സണാണ് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. പ്രഗ്യാന്‍ ഓജ എറിഞ്ഞ മത്സരത്തിലെ രണ്ടാം ഒരോവറില്‍ 22 റണ്‍സാണ് പീറ്റേഴ്സണ്‍ അടിച്ചെടുത്തത്. ഡാരന്‍ മാഡി(29), ട്രംലറ്റ്(4 പന്തില്‍ 12), സ്കോഫീല്‍ഡ്(15) ഹാമില്‍ട്ടണ്‍(15) എന്നിവരും ഇംഗ്ലണ്ട് ലെജന്‍ഡ്സിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്കായി യൂസഫ് പത്താന്‍ മൂന്നും മുനാഫ് പട്ടേലും ഇര്‍ഫാന്‍ പത്താനും രണ്ട് വീതവും വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ചിരുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കന്‍ ലെജന്‍ഡ്സുമായാണ് ഇന്ത്യയുടെ അവസാന മത്സരം.

click me!