ഇന്ത്യന്‍ പരിശീലകനാവാന്‍ പോര് മുറുകി: അപ്രതീക്ഷിത അപേക്ഷയുമായി മുന്‍ താരം

By Web TeamFirst Published Jul 27, 2019, 2:53 PM IST
Highlights

പരിശീലനരംഗത്തുള്ള പരിചയസമ്പത്തും ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നതുമാണ് റോബിന്‍ സിംഗിന്‍റെ മുന്‍തൂക്കം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗിന്‍റെ അപേക്ഷയും. പരിശീലനരംഗത്തുള്ള പരിചയസമ്പത്തും ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നതുമാണ് റോബിന്‍ സിംഗിന്‍റെ മുന്‍തൂക്കം. ഇന്ത്യന്‍ ടീമിനെ ലോകോത്തര ഫീല്‍ഡിംഗ് സംഘമാക്കിയത് റോബിനാണ്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയെ കൂടാതെ മഹേള ജയവര്‍ധനെ, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരും മത്സരരംഗത്തുണ്ട്.

പരിശീലകനായി 15 വര്‍ഷത്തെ പരിചയം റോബിന്‍ സിംഗിനുണ്ട്. 2007 മുതല്‍ രണ്ട് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിംഗ് കോച്ചായിരുന്നു. ഈ സമയത്താണ് ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര, പ്രഥമ ടി20 ലോകകപ്പ് കിരീടം അടക്കമുള്ള നേട്ടങ്ങള്‍ കൊയ്‌തത്. ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള റോബിന്‍ സിംഗ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സഹ പരിശീലകനായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 

രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലകസംഘത്തിന് വിന്‍ഡീസ് പര്യടനം അവസാനിക്കും വരെയാണ് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പുതിയ പരിശീലകസംഘത്തിന് കീഴിലാണ് ഇന്ത്യ കളിക്കുക. കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് പരിശീലകരെ തെരഞ്ഞെടുക്കുന്നത്.

click me!