റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

By Gopala krishnanFirst Published Sep 14, 2022, 7:54 PM IST
Highlights

ഇന്ത്യക്കായി 2006ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ 2007ലെ ടി20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ക്രീസില്‍ നിന്ന് നടന്നുവന്ന് ഷോട്ട് പായിക്കുന്ന ഉത്തപ്പയുടെ ശൈലി ആരാധകരുടെ മനം കവര്‍ന്നിരുന്നു ഇന്ത്യക്കായി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് നേടി. 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

ബെംഗലൂരു: മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റില്‍ വ്യക്തമാക്കി.

ഇന്ത്യക്കായി 2006ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ 2007ലെ ടി20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ക്രീസില്‍ നിന്ന് നടന്നുവന്ന് ഷോട്ട് പായിക്കുന്ന ഉത്തപ്പയുടെ ശൈലി ആരാധകരുടെ മനം കവര്‍ന്നിരുന്നു ഇന്ത്യക്കായി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് നേടി. 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

2007ല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ ഇന്ത്യക്കായി 13 ടി20 മത്സരങ്ങളില്‍ കളിച്ചു. 118.01 പ്രഹരശേഷിയില്‍ 249 റണ്‍സാണ് ടി20 ക്രിക്കറ്റില്‍ ഉത്തപ്പയുടെ നേട്ടം. 2015സ്‍ സിംബാബ്‌വെക്കെതിരായ ഏകദിനത്തിലാണ് ഉത്തപ്പ അവസാനമായി ഇന്ത്യക്കായി കളിച്ചത്. 44 പന്തില്‍ 31 റണ്‍സെടുത്ത് ഉത്തപ്പ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതേ പരമ്പരയില്‍ തന്നെയായിരുന്നു ഉത്തപ്പ അവസാനമായി ഇന്ത്യക്കായി ടി20 യിലും കളിച്ചത്.

It has been my greatest honour to represent my country and my state, Karnataka. However, all good things must come to an end, and with a grateful heart, I have decided to retire from all forms of Indian cricket.

Thank you all ❤️ pic.twitter.com/GvWrIx2NRs

— Robin Aiyuda Uthappa (@robbieuthappa)

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വിശ്വസ്തനായിരുന്ന ഉത്തപ്പ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കൊപ്പവും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പവും മൂന്ന് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. 2014ലെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉത്തപ്പക്കായിരുന്നു. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരം ടൈ ആയപ്പോള്‍ നടന്ന ബൗള്‍ ഔട്ടില്‍ ഇന്ത്യക്കായി പന്തെറിഞ്ഞവിരലൊരാള്‍ ഉത്തപ്പയായിരുന്നു. കരിയറിന്‍റെ അവസാന കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി പാതി മലയാളി കൂടിയായ ഉത്തപ്പ പാഡണിഞ്ഞു.

കഴിഞ്ഞ ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്നു ഉത്തപ്പ. 2020 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ചാമ്പ്യന്‍മാരാക്കുന്നതിലും ഉത്തപ്പ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

click me!