'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ

Published : Mar 14, 2026, 07:11 PM IST
Vaibhav Sooryavanshi

Synopsis

യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവന്‍ഷിക്ക് രണ്ടാം ഐപിഎൽ സീസൺ എളുപ്പമാകില്ലെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ സീസണിലെ പ്രകടനത്തിൽ ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരുന്നുവെന്നും ഈ സീസൺ വലിയ പാഠപുസ്തകമായിരിക്കുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

മുംബൈ: വെറും 14 വയസിനുള്ളില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച വൈഭവ് സൂര്യവംശിക്ക് ഐപിഎല്‍ 2026-ന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുടെ മുന്നറിയിപ്പ്. കഴിഞ്ഞ സീസണിലെ പ്രകടനം ഇത്തവണ ആവര്‍ത്തിക്കുക എളുപ്പമാകില്ലെന്നും യുവതാരം ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഉത്തപ്പ പറഞ്ഞു.

ഉത്തപ്പയുടെ വിശദീകരണം... ''കഴിഞ്ഞ 12 മാസമായി വൈഭവിന്റെ ഓരോ മത്സരവും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. അവന്‍ പ്രതിഭാസമാണ്, സംശയമില്ല. എന്നാല്‍ അവന്റെ ബാറ്റിംഗ് കാണുമ്പോള്‍ അവന്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് കളിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.'' ഉത്തപ്പ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സീസണ്‍ വൈഭവിന് ഒരു വലിയ പാഠപുസ്തകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെക്കോര്‍ഡുകള്‍ തകര്‍ത്ത അരങ്ങേറ്റം

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്ലില്‍ അരങ്ങേറിയ വൈഭവ് നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ചാണ് തുടങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെറും 35 പന്തില്‍ സെഞ്ച്വറി തികച്ച് ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. ഐപിഎല്‍ 2025-ല്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം നേടിയത്. 206.55 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ ബാറ്റിംഗ്.

പുത്തന്‍ ഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2026ല്‍ വലിയ മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് എത്തുന്നത്. സഞ്ജു സാംസണ്‍ ടീം വിട്ടതോടെ റിയാന്‍ പരാഗ് ആണ് ഇത്തവണ രാജസ്ഥാനെ നയിക്കുന്നത്. ടീമിലേക്ക് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എത്തിയത് കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. യശസ്വി ജയ്സ്വാളിനൊപ്പം വൈഭവ് സൂര്യവംശി ഇത്തവണ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ടര്‍-19 ലോകകപ്പിലെ മികച്ച താരം കൂടിയായ വൈഭവ്, 15 വയസ്സ് തികയുന്ന ഈ സീസണില്‍ ഉത്തപ്പയുടെ വിമര്‍ശനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കുമെന്ന് കാണാനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റണ്ണൗട്ട് വിവാദം: പാകിസ്ഥാല്‍ സല്‍മാന്‍ അഗയ്‌ക്കെതിരെ ശിക്ഷാ നടപടി, താരത്തിന് താക്കീതും ഡീമെറിറ്റ് പോയിന്റും
'ലോകകപ്പ് തോല്‍വിക്ക് ശേഷം താരങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടില്ല'; റിപ്പോര്‍ട്ടുകള്‍ തള്ളി പിസിബി