ഇത്തവണ കുറച്ച് കടുക്കും; ഓസീസ് പര്യടനത്തിന് മുമ്പ് മുന്നറിയിപ്പുമായി രോഹിത് ശര്‍മ

By Web TeamFirst Published Apr 23, 2020, 11:53 AM IST
Highlights

 2018-19ല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 71 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയത്.

മുംബൈ: വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുപ്പമാവുമെന്ന് രോഹിത് ശര്‍മ. ഇന്ത്യ ടുഡേയുമായി സംസാരിക്കുകയായിരുന്നു രോഹിത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഓസീസ് ടീമിലേക്ക് തിരിച്ചെത്തിയതാണ് രോഹിത്തിനെകൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. 2018-19ല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 71 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയത്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് പരമ്പര കളിക്കാന്‍ സാധിച്ചിരുന്നില്ല. 

ഇരുവരും തിരിച്ചെത്തുന്നത് ഓസീസിനെ ശക്തിപ്പെടുത്തുമെന്നാണ് രോഹിത് പറയുന്നത്. രോഹിത് തുടര്‍ന്നു... ''ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ പേശികള്‍ക്കേറ്റ പരിക്ക് വിനയായി. ഇനി ഓസ്‌ട്രേലിയന്‍ പര്യടനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. സ്മിത്തും വാര്‍ണറും തിരിച്ചെത്തും. പിന്നെ ഓസ്‌ട്രേലിയന്‍ പിച്ചുകളും വെല്ലുവിളി ഉയര്‍ത്തും. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുന്ന കാര്യം. അന്ന് മുതല്‍ അതിനുവേണ്ടി പ്രത്യേക പരിശീലനം നടത്തുന്നുണ്ട്. അവസരങ്ങളാണ് വേണ്ടത്. മത്സരം കാണാനല്ല ഞാന്‍ നില്‍ക്കുന്നത്.

ഒരു ടീം എന്ന നിലയ്ക്ക് മികച്ച ക്രിക്കറ്റാണ് നമ്മള്‍ കളിക്കുന്നത്. ഈ പരമ്പര നടക്കുകയാണെങ്കില്‍ വാശിയേറും.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ഒക്ടോബറിലാണ് പരമ്പര തുടങ്ങേണ്ടത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പര മാറ്റിവെക്കുമോയെന്ന് കണ്ടറിയണം.

click me!