
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റ് വെറും രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചതിന് പിന്നാലെ ഐസിസിക്കും മാച്ച് റഫറിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ. കേപ്ടൗണ്‍ ടെസ്റ്റ് 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റെന്ന നാണക്കേടോടെയാണ് അവസാനിച്ചത്. അഞ്ച് സെഷനുകളിലായി 107 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ആദ്യ ദിവസം തന്നെ 23 വിക്കറ്റുകള്‍ വീണ കേപ്ടൗണില്‍ രണ്ടാം ദിനം വെറും രണ്ട് സെഷനില്‍ 10 വിക്കറ്റ് കൂടി വീണു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പന്ത് കുത്തിപ്പൊങ്ങുകയും താഴ്ന്ന് പോകുകയും ചെയ്ത പിച്ചിനെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പക്ഷെ പിച്ചിനെ കുറ്റം പറഞ്ഞില്ല. പകരം ഐസിസിയെയും മാച്ച് റഫറിമാരെയുമാണ് രോഹിത് കുറ്റപ്പെടുത്തിയത്. ഈ പിച്ചില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഇത്തരം പിച്ചുകളില്‍ കളിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷെ ഇന്ത്യന്‍ പിച്ചുകളെയും കുറ്റം പറയുന്നവര്‍ ഇനിയെങ്കിലും വായടക്കണമെന്നും ദേഷ്യത്തോടെ രോഹിത് പറഞ്ഞു. കാരണം, ഞങ്ങള്‍ വെല്ലുവിളികള്‍ നേരിടാനാണ് ഇവിടെ വന്നത്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യവും പിച്ചും എല്ലാം ഉണ്ടാകുമെന്ന വ്യക്തമായ ബോധ്യത്തോടെയാണ് ഞങ്ങള്‍ വന്നത്. അതുപോലെ തന്നെയാണ് മറ്റ് ടീമുകള്‍ ഇന്ത്യയിലേക്ക് വരുന്നതും. ടെസ്റ്റ് ക്രിക്കറ്റാണ് ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും വെല്ലുവിളിയുള്ളതും കഠിനവും. ഞങ്ങള്‍ ആ വെല്ലുവിളികള്‍ ആസ്വദിക്കുന്നു-രോഹിത് പറഞ്ഞു.
ഇന്ത്യ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എല്ലായ്പ്പോഴും തയാറാണ്. എന്നാല്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്ന ടീമുകള്‍ ആദ്യ ദിനം പന്ത് തിരിഞ്ഞാല്‍ പൊടിപാറുന്ന പിച്ചെന്ന പരാതിയുമായി രംഗത്തിറങ്ങും. ന്യൂലാന്‍ഡ്സ് പിച്ചും ആദ്യ ദിവസത്തില്‍ തന്നെ വിണ്ടു കീറിയിരുന്നു. പക്ഷെ ആളുകള്‍ അതൊന്നും കാണില്ല. ഓരോ രാജ്യങ്ങളിലും പോകുമ്പോള്‍ നിഷ്പക്ഷരാവാനാണ് മാച്ച് റഫറിമാര്‍ ശ്രമിക്കേണ്ടത്. ചില മാച്ച് റഫറിമാര്‍ പിച്ചുകള്‍ക്ക് ശരാശരിയില്‍ താഴെ റേറ്റിംഗ് കൊടുക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.
ലോകകപ്പ് ഫൈനല്‍ നടന്ന പിച്ചിനുപോലും ശരാശരിയില്‍ താഴെയാണ് റേറ്റിംഗ് കൊടുത്തത് എന്നതും എനിക്ക് വിശ്വസിക്കാനായിട്ടില്ല. ഫൈനലില്‍ ഒരു ബാറ്റര്‍ അവിടെ സെഞ്ചുറി അടിച്ചു. അത്തരമൊരു പിച്ച് എങ്ങനെയാണ് മോശം പിച്ച് ആകുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ഐസിസിയും മാച്ച് റഫറിമാരും കണ്ണുതുറന്ന് പരിശോധിക്കണം. പിച്ചിനെ നോക്കിയാണ് മാര്‍ക്കിടേണ്ടത്, അല്ലാതെ ഏത് രാജ്യത്ത് കളിക്കുന്നു എന്നത് നോക്കിയല്ല. വീണ്ടും പറയുന്നു, കേപ്ടൗണിലേതുപോലുള്ള പച്ചുകള്‍ക്ക് ഞങ്ങള്‍ എതിരല്ല. എല്ലാതരത്തിലുളള പിച്ചുകളിലും കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്-രോഹിത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക