വിമര്‍ശനങ്ങള്‍ ബാറ്റുകൊണ്ട് മായ്ച്ചു; ലോര്‍ഡ്സില്‍ ചരിത്ര സെഞ്ചുറിയുമായി രോഹിത് ശര്‍മ, റെക്കോഡ്

Published : Jul 19, 2026, 11:01 PM IST
Rohit Sharma

Synopsis

വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മ ലോര്‍ഡ്സില്‍ ചരിത്ര സെഞ്ചുറി നേടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 39-ാം വയസ്സില്‍ നേടിയ ഈ സെഞ്ചുറിയോടെ, ലോര്‍ഡ്സില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നതുള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളാണ് താരം സ്വന്തമാക്കിയത്.

ലണ്ടന്‍: വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ലോര്‍ഡ്സ് മൈതാനത്ത് വെച്ച് ഇതിഹാസ താരം രോഹിത് ശര്‍മ്മ നല്‍കിയത് അവിസ്മരണീയമായ മറുപടി. ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 388 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച് രോഹിത് തകര്‍പ്പന്‍ സെഞ്ചുറി നേടി. 39-ാം വയസ്സിലും തന്റെ ക്ലാസ് വെളിപ്പെടുത്തുന്ന ഇന്നിംഗ്‌സായിരുന്നു രോഹിത്തിന്റേത്. 84 പന്തില്‍ നിന്നാണ് താരം തന്റെ 34-ാം ഏകദിന സെഞ്ചുറി തികച്ചത്.

ആദില്‍ റഷീദിന്റെ പന്തില്‍ സ്വീപ്പ് ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്തി സെഞ്ചുറിയിലെത്തിയപ്പോള്‍, സാധാരണ കാണാറുള്ള ആവേശകരമായ ആഘോഷപ്രകടനങ്ങളൊന്നും രോഹിത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഹെല്‍മറ്റ് അഴിക്കാതെ, ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്ത് അടുത്ത പന്തിനായി താരം നിലയുറപ്പിച്ചു. ഇന്ത്യയുടെ വിജയലക്ഷ്യം വളരെ ദൂരത്താണെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ ഓരോ നീക്കത്തിലുമുണ്ടായിരുന്നു. ഡ്രസ്സിംഗ് റൂമിലെ സഹതാരങ്ങളും പരിശീലകന്‍ ഗൗതം ഗംഭീറും എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്‍, വിരാട് കോ്ലി ഓടിയെത്തി രോഹിത്തിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.

ഈ സെഞ്ചുറിയോടെ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകനെ തേടിയെത്തിയത്. ലോര്‍ഡ്സില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് മാറി. 2004ല്‍ സൗരവ് ഗാംഗുലി നേടിയ 90 റണ്‍സായിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍. 39 വയസും 80 ദിവസവും പ്രായമുള്ള രോഹിത്, ലോര്‍ഡ്സില്‍ ഏകദിന സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി. കൂടാതെ, എല്ലാ ഫോര്‍മാറ്റിലുമായി അന്താരാഷ്ട്ര സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരവുമാണ് അദ്ദേഹം.

ഇംഗ്ലണ്ടില്‍ മാത്രം രോഹിത്തിന്റെ എട്ടാമത്തെ ഏകദിന സെഞ്ചുറിയാണിത്. വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന സന്ദര്‍ശക ബാറ്റര്‍ എന്ന റെക്കോര്‍ഡ് ഇതോടെ രോഹിത്തിന്റെ പേരിലായി. (സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സയീദ് അന്‍വര്‍, എബി ഡി വില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ ഏഴ് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്).

വിമര്‍ശകര്‍ക്ക് മറുപടി

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 11, 26 എന്നിങ്ങനെ ചെറിയ സ്‌കോറുകള്‍ മാത്രം നേടിയതിന് പിന്നാലെ, രോഹിത്തിന്റെ ഏകദിന ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുത്തിരുന്നു. എന്നാല്‍ ലോര്‍ഡ്സിലെ നിര്‍ണായക മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ രോഹിത്, ഇംഗ്ലീഷ് പേസര്‍മാരെ അനായാസം നേരിട്ടു. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തി ഇന്നിംഗ്‌സിന് വേഗത പകര്‍ന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കുല്‍ദീപ് യാദവിനെ തഴയുന്നതില്‍ അതൃപ്തിയുമായി അശ്വിന്‍; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനം
പ്രായം തെല്ലും ബാധിച്ചില്ല, വിമര്‍ശനങ്ങള്‍ക്ക് ഫീല്‍ഡിംഗിലൂടെ മറുപടി പറഞ്ഞ് രോഹിത് ശര്‍മ; വീഡിയോ