നിലവിലെ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ പ്രകടനത്തെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നെഹ്റയുടെ പേരും ഈ സ്ഥാനത്തേക്ക് വാർത്തകളിൽ നിറഞ്ഞത്.
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാകാൻ തനിക്ക് പ്രത്യേക ലക്ഷ്യങ്ങളോ പദ്ധതികളോ ഇല്ലെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ പേസറും ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമായ ആശിഷ് നെഹ്റ. കേൾക്കാൻ സന്തോഷമുള്ള കാര്യമാണെങ്കിലും അത്തരമൊരു ചുമതല ഏറ്റെടുക്കുന്നതിന് വലിയ യാത്രാ ബുദ്ധിമുട്ടുകളും കുടുംബപരമായ കാര്യങ്ങളും തടസമാണെന്നും നെഹ്റ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ വാർഷിക പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ പ്രകടനത്തെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നെഹ്റയുടെ പേരും ഈ സ്ഥാനത്തേക്ക് വാർത്തകളിൽ നിറഞ്ഞത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കന്നി സീസണിൽ തന്നെ (2022) ചാമ്പ്യന്മാരാക്കാനും തുടർന്ന് രണ്ട് തവണ (2023, 2026) റണ്ണേഴ്സ് അപ്പാക്കാനും നെഹ്റയ്ക്ക് സാധിച്ചിരുന്നു. ഇതിനെ ഒരു ലക്ഷ്യം എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവി മുൻകൂട്ടി പ്ലാൻ ചെയ്യുന്ന ശീലം എനിക്കില്ല. ഇന്ത്യൻ ടീമിന്‍റെ പരിശീലകനാവുക എന്നത് വലിയൊരു ബഹുമതി തന്നെയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഞാൻ ഇപ്പോൾ നിൽക്കുന്ന സ്ഥാനത്ത് തികച്ചും സന്തുഷ്ടനാണ്. ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം- നെഹ്റ വ്യക്തമാക്കി.
ദേശീയ ടീമിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ തനതായ ശൈലിയിലായിരുന്നു നെഹ്റയുടെ മറുപടി. ആദ്യം എനിക്ക് വീട്ടിലെ 'ഹൈക്കമ്മീഷനോട്', അതായത് ഭാര്യയോട് അനുവാദം ചോദിക്കേണ്ടിവരും.ഇല്ലെങ്കിൽ എനിക്ക് വിവാഹമോചനം വരെ ലഭിച്ചേക്കാം. വർഷത്തിൽ എട്ടോ ഒമ്പതോ മാസത്തോളം തുടർച്ചയായി യാത്ര ചെയ്യേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ സമ്മർദ്ദവും തുടർച്ചയായ യാത്രകളും കാരണം 3-4 വർഷത്തിൽ കൂടുതൽ ആരും ഈ സ്ഥാനത്ത് തുടരാറില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് ടൈറ്റൻസിലെ വിജയം പരിശീലകന്റെ മാത്രം മികവല്ലെന്നും മുഴുവൻ ടീമിന്‍റെയും കൂട്ടായ പരിശ്രമമാണെന്നും നെഹ്റ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും ക്യാപ്റ്റനും കോച്ചിനും മാത്രം നൽകുന്ന പ്രവണതയുണ്ടെന്നും എന്നാൽ അതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
