അയാള്‍ക്കെതിരെ പന്തെറിയാന്‍ എനിക്ക് ഇഷ്ടമല്ല; ഇന്ത്യന്‍ താരത്തെക്കുറിച്ച് ബ്രെറ്റ് ലീ

By Web TeamFirst Published May 4, 2020, 6:14 PM IST
Highlights

രോഹിത് ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ബൗളര്‍മാര്‍ വെള്ളം കുടിക്കുമെന്നുറപ്പ്. രോഹിത്തിനെപ്പോലെയുള്ള കളിക്കാര്‍ ടോപ് ഓര്‍ഡറിലുണ്ടെങ്കില്‍ അവര്‍ തുടക്കത്തിലെ ടീമിന് ആധിപത്യം നല്‍കും

സിഡ്നി: കരിയറിന്റെ തുടക്കകാലത്ത് ഓസീസ് പേസര്‍ ബ്രെറ്റ് ലീയെ എങ്ങനെ നേരിടുമെന്നോര്‍ത്ത് ഉറക്കം നഷ്ടമായിട്ടുണ്ടെന്ന് രോഹിത് ശര്‍മ പറഞ്ഞതിന് പിന്നാലെ രോഹിത്തിന് പ്രശംസകൊണ്ട് മൂടി ബ്രെറ്റ് ലീ. രോഹിത്തിന്റെ ബാറ്റില്‍ പന്ത് കൊള്ളുന്ന ശബ്ദം ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്ന് ബ്രെറ്റ് ലീ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ സംസാരിക്കുകയായിരുന്നു ലീ.

രോഹിത്തിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ അദ്ദേഹത്തിന്റെ ബാറ്റില്‍ പന്ത് കൊള്ളുമ്പോഴുള്ള ആ ശബ്ദമാണ്. ബാറ്റിന്റെ മധ്യത്തില്‍ (സ്വീറ്റ് സ്പോട്ട്) പന്ത് കൊള്ളുമ്പോള്‍ ഒരു പ്രത്യേക ശബ്ദമാണ് ഉണ്ടാവുക. രോഹിത്ത് അത്തരത്തില്‍ പന്ത് മിഡില്‍ ചെയ്യുന്ന ബാറ്റ്സ്മാനാണ്.


രോഹിത് ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ബൗളര്‍മാര്‍ വെള്ളം കുടിക്കുമെന്നുറപ്പ്. രോഹിത്തിനെപ്പോലെയുള്ള കളിക്കാര്‍ ടോപ് ഓര്‍ഡറിലുണ്ടെങ്കില്‍ അവര്‍ തുടക്കത്തിലെ ടീമിന് ആധിപത്യം നല്‍കും. അത്തരം ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിയാന്‍ എനിക്ക് ഇഷ്ടമല്ല- ലീ പറഞ്ഞ‌ു.

Also Read: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയാണോ രോഹിത്താണോ കേമന്‍..? മറുപടിയുമായി ഗംഭീര്‍

കഴിഞ്ഞ ദിവസം മുഹമ്മദ് ഷമിയുമായിട്ടുള്ള ലൈവ് ചാറ്റില്‍, കരിയറിന്റെ തുടക്കകാലത്ത് ഭയപ്പെട്ടിരുന്ന ബൗളര്‍മാരെ കുറിച്ച് സംസാരിക്കുമ്പോഴാണ് രോഹിത് ശര്‍മ ബ്രെറ്റ് ലീയെക്കുറിച്ച് മനസുതുറന്നത്. രണ്ട് പേസര്‍മാരാണ് കരിയറിന്റെ തുടക്കകാലത്ത് തന്റെ ഉറക്കം കെടുത്തിയിരുന്നതെന്ന് രോഹിത് പറഞ്ഞിരുന്നു.ബ്രെറ്റ് ലീയും  ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

''ബ്രെറ്റ് ലീയും ഡെയ്ല്‍ സ്റ്റെയ്‌നും വാഴുന്ന കാലത്താണ് ഞാന്‍ ക്രിക്കറ്റില്‍ എത്തിയത്. വേഗത്തിന്റെ കാര്യത്തിലും ലീയും സ്റ്റെയ്നും ഇഞ്ചോടിഞ്ചാണ്. സ്റ്റെയ്ന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. ആദ്യകാലത്തു ഇരുവരുടെയും തീപ്പാറുന്ന പന്തുകള്‍ നേരിടാനുള്ള ആത്മവിശ്വാസ കുറവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്കെതിരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു'' എന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.

click me!