ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയങ്ങളില്‍ ചില നിര്‍ണായക പ്രകടനം പുറത്തെടുത്ത താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. ഇരുവര്‍ക്കും അവരുടേതായ കഴിവുകളുണ്ട്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയേക്കാളും കേമന്‍ രോഹിത്താണെന്ന അഭിപ്രായവുമായി മുന്‍ താരം ഗൗതം ഗംഭീര്‍. 

പ്രമുഖ യുട്യൂബ് ചാനലായി സ്‌പോര്‍ട്‌സ് തക്കിനോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍. ''ഒരു താരം നിശ്ചിത ഓവര്‍ ക്രിക്കറ്റിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചാണ് പറയുന്നത്. രോഹിത്തിനേക്കാളും റണ്‍സുണ്ട് കോലിക്ക്. എന്നാല്‍ ഒരു മത്സരഫലത്തെ സ്വാധീനിക്കുന്ന ഇന്നിങ്‌സുകള്‍ പരിഗണിക്കുമ്പോള്‍ രോഹിത് ഒരുപടി മുന്നിലാണ്. രോഹിത്തിന്റെ പ്രകടനം നല്ലരീതിയില്‍ മത്സരഫലത്തെ സ്വാധീനിക്കുന്നുണ്ട്. 

അവരുടെ പന്തുകള്‍ ഉറക്കം കെടുത്തി; ഭയപ്പെടുത്തിയ ബൗളര്‍മാരെ കുറിച്ച് രോഹിത് ശര്‍മ

എന്നാല്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ക്രിക്കറ്റര്‍ രോഹിത്താണ്. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം മികച്ചവനെന്ന് പലര്‍ക്കും തോന്നാന്‍ സാധ്യതയില്ല. എന്നാല്‍ കോലിയേക്കാള്‍ ഒരുപടി മുന്നിലാണ് രോഹിത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ഏകതാരമാണ് രോഹിത്. ഒരു ലോകകപ്പില്‍ തന്നെ അഞ്ച് സെഞ്ചുറികള്‍. ഇതെല്ലാം രോഹിത്തിന്റെ മാറ്റ് കൂട്ടുന്നു.

ഇരുവരേയും താരതമ്യപ്പെടുത്തുക ബുദ്ധിമുട്ടാണ്. അവിശ്വസനീയമാണ് കോലി. അദ്ദേഹത്തിന്റെ സ്റ്റാറ്റസുകള്‍ അത് തെളിയിക്കുന്നു.'' ഗംഭീര്‍ അവസാനിപ്പിച്ചു.

ക്രിക്കറ്റ് ലോകത്തെ മനോഹര ചിരികള്‍ ഏത്? ആരാധകരെ തെരഞ്ഞെടുത്തോളൂ..!

11867 റണ്‍സാണ് കോലി ഇതുവരെ ഏകദിനത്തില്‍ നേടിയിട്ടുള്ളത്. രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ 9115 റണ്‍സും. ടി20യില്‍ 2794 റണ്‍സ് കോലിക്കുണ്ട്. രോഹിത് 21 റണ്‍സ് മാത്രം പിറകിലാണ്. ഏകദിനത്തില്‍ 43 സെഞ്ചുറികളാണ് കോലി ഇതുവരെ നേടിയത്. രോഹിത്തിന് 29 സെഞ്ചുറികളുണ്ട്. 

ടി20യില്‍ രോഹിത് നാല് സെഞ്ചുറികള്‍ സ്വന്തമാക്കി. കോലിക്ക് ഒന്നു പോലുമില്ല. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ സ്വന്തമാക്കിയ താരം കൂടിയാണ് രോഹിത്.