
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ നീലക്കുപ്പായത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അവസാന മത്സരമാകുമോ അതെന്നാണ് ആരാധകരുടെ ആകാംക്ഷ. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഫോമിലായിട്ടില്ലെങ്കിലും രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ പലപ്പോഴും ടീമിന് വലിയ ഊര്‍ജ്ജമായിട്ടുണ്ട്. എന്നാല്‍ 38 വയസിലേക്ക് കടക്കുന്ന രോഹിത്തിന് ഇനി എത്രകാലം കൂടി ടീമില്‍ തുടരാനാകുമെന്ന ചോദ്യവും ബാക്കിയുണ്ട്.
അതിനിടെ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് കിരീടം നേടുകയാണെങ്കില്‍ രോഹിത് എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമല്ലെങ്കിലും കുറച്ചുകാലം കൂടി ഏകദിന ക്രിക്കറ്റില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അത് 2027ലെ ഏകദിന ലോകകപ്പ് വരെ ദീര്‍ഘിക്കുമോ എന്നകാര്യം കണ്ടറിയേണ്ടതാണ്.
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടിയാല്‍ രോഹിത് കളിക്കാരനായി മാത്രം ടീമില്‍ തുടരാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയോ ശുഭ്മാന്‍ ഗില്ലോ ക്യാപ്റ്റനാകുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട് രോഹിത് തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ടീമിന് ഗുണകരമാണെങ്കിലും ക്യാപ്റ്റന്‍ കുറച്ചുകൂടി ക്ഷമയോടെ ക്രീസില്‍ നില്‍ക്കണമെന്നാണ് മുന്‍ താരം സുനില്‍ ഗവാസ്കര്‍ പറയുന്നത്. രോഹിത് 25-30 ഓവര്‍ ക്രീസിലുണ്ടെങ്കില്‍ തന്നെ സ്വാഭാവികമായും ഇന്ത്യ 180-200 റണ്‍സ് പിന്നിട്ടിരിക്കും. ഇതോടെ 350 എന്ന ടോട്ടല്‍ അനായാസം അടിച്ചെടുക്കാനുമാകും. രോഹിത് 25-30 ഓവര്‍ ക്രീസിലുണ്ടെങ്കില്‍ തന്നെ എതിരാളികളുടെ കൈയില്‍ നിന്ന് മത്സരം സ്വന്തമാക്കാന്‍ ഇന്ത്യക്കാവുമെന്നും അതാണ് രോഹിത്തിന്‍രെ പ്രഭാവമെന്നും ഗവാസ്കര്‍ പറയുന്നു. 25-30 റണ്‍സടെക്കുന്നതില്‍ സംതൃപ്തനാവാതെ 25-30 ഓവര്‍ കളിക്കാന്‍ രോഹിത് ശ്രമിക്കണമെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പ് കിരീടം നേടിയശേഷം ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയ രോഹിത് അതുപോലെ മറ്റൊരു സര്‍പ്രൈസ് ചാമ്പ്യൻസ് ട്രോഫി ഫൈനലിലും കാത്തുവെച്ചിട്ടുണ്ടോ എന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് അരാധകരിപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക