
കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായെങ്കിലും പാകിസ്ഥാൻ ക്രിക്കറ്റിൽ തമ്മിലടി അവസാനിക്കുന്നില്ല.90 കളിലെ താരങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റിനായി ഒന്നും ചെയ്തിട്ടില്ലെന്ന മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസിന്‍റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹഫീസിന് മറുപടിയുമായി വഖാർ യൂനിസും രംഗത്തെത്തി. നീണ്ട കാത്തിരിപ്പിനൊടുവിൽ പാകിസ്ഥാൻ വേദിയായ ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരവും ജയിക്കാതെ പാകിസ്ഥാൻ നാണം കെട്ട് പുറത്തായതോടെയാണ് ആരാധരകുടെ സൈബർ ആക്രമണത്തിന് പുറമേ മുൻ താരങ്ങളും ടീം മാനേജ്മെന്റിനെതിരെ തുറന്നടിച്ചത്. ഇതിനിടെയാണ് സ്വകാര്യ ചാനൽ ചർച്ചയിൽ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസിന്‍റെ വാക്കുകൾ വിണ്ടും വിവാദങ്ങൾക്കിടയാക്കിയത്.
നിലവിലുള്ള പാക് താരങ്ങളെ കുറ്റംപറയാൻ 90 കളിലെ താരങ്ങൾക്ക് എന്ത് അർഹതയാണുള്ളതെന്ന് മുഹമ്മദ് ഹഫീസ് ചോദിച്ചതാണ് വിവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിച്ചത്. എത്ര ഐസിസി കിരീടങ്ങൾ ഇവർ നേടിതന്നിട്ടുണ്ട്. 1996, 1999, 2003 ലോകകപ്പുകളിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. 1999ലെ ലോകകപ്പിൽ ഫൈനൽ വരെ എത്തിയെങ്കിലും കപ്പ് ഉയർത്താനായില്ല. പ്രഥമ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് തോറ്റതും മറക്കരുത്. 2009ൽ യൂനിസ് ഖാനാണ് കിരീട വരൾച്ചയ്ക്ക് അവസാനമിട്ടത്. പുതിയ താരങ്ങൾക്ക് പ്രചോദനമേകാൻ 90 കളിലെ താരങ്ങൾ അധികം ഒന്നും ചെയ്തിട്ടില്ലെന്ന് മുഹമ്മദ് ഹഫീസ് ഓർമിപ്പിച്ചു.
2017ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് പിന്നീട് പാകിസ്ഥാനൊരു കിരീടം നേടുന്നത്. അത് ബാബര്‍ അസമിന് കീഴിലായിരുന്നു. അതുകൊണ്ടാണ് സമീപകാലത്ത് മോശം ഫോമിലായിട്ടും ബാബറിനെ ഇപ്പോഴും ആരാധകരുള്ളതെന്നും ഹഫീസ് പറഞ്ഞു.മുൻ താരങ്ങളായ ഷുഹൈബ് അക്തർ, ഷുഹൈബ് മാലിക്ക് എന്നിവർ പങ്കെടുത്ത ചാനൽ ചർച്ചയിലായിരുന്നു ഹഫീസിന്‍റെ വിവാദ പ്രസ്താവന.
ഇതിനിടെ ഹഫീസിന് മറുപടിയുമായി മുൻ താരം വഖാർ യൂനിസ് രംഗത്തെത്തി.വസീം അക്രമും വഖാർ യൂനിസും ചേർന്ന് നേടിയ വിക്കറ്റുകളുടെ എണ്ണം നിരത്തിയായിരുന്നു പ്രതിരോധം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക