താരങ്ങളെ വിമര്‍ശിച്ചോളൂ, ഭാര്യമാരെ വെറുതെ വിടൂ; വിവാദങ്ങളില്‍ രൂക്ഷ പ്രതികരണവുമായി രോഹിത് ശര്‍മ്മ

By Web TeamFirst Published Jan 7, 2020, 9:36 AM IST
Highlights

ലോകകപ്പിനിടെ ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാരെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചത് ശരിയായില്ലെന്ന് രോഹിത്

മുംബൈ: കളിക്കാരുടെ കുടുംബത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്നതിനോട് യോജിപ്പില്ലെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. താന്‍ അടക്കമുള്ള കളിക്കാരെകുറിച്ച് എന്തും വിമര്‍ശിക്കാം. എന്നാൽ ലോകകപ്പിനിടെ കളിക്കാരുടെ ഭാര്യമാരെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചത് ശരിയായില്ലെന്നും രോഹിത് ഒരു വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

കളിക്കാരെ പിന്തുണയ്ക്കാനും  സന്തുഷ്ടരാക്കാനുമാണ് കുടുംബാംഗങ്ങള്‍ ടീമിനൊപ്പം സഞ്ചരിക്കുന്നത്. വിരാട് കോലിയോട് ചോദിച്ചാലും ഇതേ അഭിപ്രായമാകും ലഭിക്കുകയെന്നും രോഹിത് പറഞ്ഞു. ലോകകപ്പിനിടെ അനുവദിച്ചതിലും അധികം ദിവസങ്ങളില്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ തങ്ങിയത് വിവാദം ആയിരുന്നു.  കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്ക് ഇന്ത്യന്‍ സെലക്‌ടര്‍ ചായ കൊടുക്കുന്നത് കണ്ടുവെന്ന മുന്‍ താരം ഫറൂഖ് എഞ്ചിനീയറുടെ വെളിപ്പെടുത്തലും ലോകകപ്പിനിടെ വിവാദമായി. 

'സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിക്കുന്നതിലേക്ക് എന്റെ പേര് വലിച്ചിഴക്കേണ്ട ആവശ്യമില്ല. ഏറെക്കാലമായി ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണിത്. ഇനി അടുത്തതവണ എന്റെ പേരുപയോഗിച്ച് ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരുങ്ങുന്നതിന് മുമ്പ് വസ്തുതകള്‍ നിരത്തണം. ചായയല്ല, ഞാന്‍ കാപ്പിയാണ് കുടിക്കാറ്' എന്നും അനുഷ്‌ക എഞ്ചിനീയര്‍ക്ക് മറുപടി നല്‍കിയിരുന്നു. എ‌ഞ്ചിനീയറുടെ പരമാര്‍ശം വിണ്ഢിത്തമാണെന്ന് നായകന്‍ വിരാട് കോലിയും തുറന്നടിച്ചിരുന്നു. 

'ഇന്ത്യയുടെ ടീം മീറ്റിങ്ങില്‍ താന്‍ പങ്കെടുക്കുന്നുവെന്നും സെലക്ഷനില്‍ ഇടപെടുന്നുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ വിദേശ പരമ്പരകളില്‍ ഭര്‍ത്താവിനൊപ്പം പോയിട്ടുള്ളു. അതുകൊണ്ടാണ് അതിനോടൊന്നും പ്രതികരിക്കാതിരുന്നത്. എനിക്കായി സുരക്ഷ ഒരുക്കുന്നതും ടിക്കറ്റെടുക്കുന്നതും ബിസിസിഐ ആണെന്നും ആരോപണമുണ്ടായിരുന്നു. തന്റെ സ്വന്തം പൈസ കൊണ്ടാണ് വിമാന ടിക്കറ്റെടുക്കുന്നത്' എന്നും അനുഷ്ക വ്യക്തമാക്കി.

ലോകകപ്പിന്‍റെ ആദ്യ 20 ദിവസം ഇന്ത്യന്‍ ടീം അംഗങ്ങളുടെ കൂടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍, ആദ്യ നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും വിജയം നേടി ഏകദേശം സെമി ഇന്ത്യ ഉറപ്പിച്ചതോടെയാണ് വിലക്ക് ബിസിസിഐ നീക്കിയത്. ഇതോടെ അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിന് മുമ്പായാണ് അനുഷ്‌ക ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ ഇംഗ്ലണ്ടില്‍ എത്തിയത്. 

click me!