
മുംബൈ: ഏകദിന ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ 398 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാമതുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ. രോഹിത് നല്‍കുന്ന തുടക്കത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ ശേഷിക്കുന്ന ബാറ്റര്‍മാര്‍ ബാറ്റ് വീശുന്നത്. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. ലങ്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുണ്ട് രോഹിത്തിന്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 ഉള്‍പ്പടെ രോഹിതിന്റെ രണ്ട് ഇരട്ട സെഞ്ചുറികളും ലങ്കക്കെതിരെയാണ്.
ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡിനരികെയാണ് രോഹിത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡിനരികെയാണ് രോഹിത്. രണ്ട് പതിറ്റാണ്ടായിട്ടും ഈ വ്യക്തിഗത റെക്കോര്‍ഡിന് ഇളക്കം തട്ടിയിട്ടില്ല. ഇത്തവണ രോഹിത് ഇത് തിരുത്തി എഴുതുമോ? മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അക്കൗണ്ടിലാണ് നിലവില്‍ ആ റെക്കോര്‍ഡ്. 2003ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി നടന്ന ലോകകപ്പില്‍ ഗാംഗുലി അടിച്ചെടുത്തത് 465 റണ്‍സ്. ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ച ദാദയുടെ റെക്കോര്‍ഡ് അഞ്ച് ലോകകപ്പുകള്‍ പിന്നിടുമ്പോഴും ഇളക്കം തട്ടിയില്ല.
ഗാംഗുലിക്ക് ശേഷം രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി, വിരാട് കോലി എന്നിവരെല്ലാം ക്യാപ്റ്റനായി വന്നിട്ടും റെക്കോര്‍ഡിന് ഇളക്കം തട്ടിയില്ല. ഗാംഗുലിക്ക് ശേഷം വന്ന ദ്രാവിഡിഡ് 2007 ലോകകപ്പില്‍ 81 റണ്‍സ് നേടാനാണ് സാധിച്ചത്. അന്ന് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. 2011ല്‍ ധോണി ക്യാപ്റ്റനായി. ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ധോണി നേടിയത് 241 റണ്‍സ്. 2015ലും ധോണിയായിരുന്നു നായകന്‍. അന്ന് 237 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. 2019ല്‍ കോലി നേടിയത് 443 റണ്‍സ്. ഇത്തവണ രോഹിത് റെക്കോര്‍ഡ് മറികടക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിശ്വസിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ഗാംഗുലിയെ മറികടക്കാന്‍ രോഹിത്തിന് വേണ്ടത് 66 റണ്‍സ് മാത്രം.
ഗാംഗുലിക്ക് മുമ്പ് മുഹമ്മദ് അസറുദ്ദീന്‍ മൂന്ന് ലോകകകപ്പുകളില്‍ ഇന്ത്യയെ നയിച്ചു. 1992ല്‍ 332 റണ്‍സായിരുന്നു അസറിന്റെ സമ്പാദ്യം. 1996ലെത്തിയപ്പോള്‍ 143 റണ്‍സായി ചുരുങ്ങി. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ നേടിയത് 161 റണ്‍ മാത്രം. കപില്‍ ദേവ് രണ്ട് ലോകകപ്പില്‍ ഇന്ത്യയെ നയിച്ചു. 1983 ലോകപ്പില്‍ ഇന്ത്യ ചാംപ്യന്മാരായ ടൂര്‍ണമെന്റില്‍ കപില്‍ നേടിയത് 303 റണ്‍സ്. 1987ല്‍ നേടിയ റണ്‍സ് 152. 1975ലെ പ്രഥമ ലോകകപ്പില്‍ എസ് വെങ്കടരാഘവനായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. നേടിയത് 26 റണ്‍സ് മാത്രം. 1979ലും അദ്ദേഹം ടീമിനെ നയിച്ചു. 23റണ്‍സായിരുന്നു സമ്പാദ്യം.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോര്‍ഡും തൊട്ടരികെയാണ് രോഹിതിന്. 539 റണ്‍സുമായി റിക്കി പോണ്ടിംഗും 548 റണ്‍സുമായി മഹേല ജയവര്‍ധനയുമാണ് മുന്നില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!