ഓസീസിന്‍റെ തല്ലുമാല; ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മാനേജ്‌മെന്‍റിന്‍റെ ഷോക്ക് ട്രീറ്റ്‌മെന്‍റ്, ഫലമുണ്ടാകുമോ?

By Jomit JoseFirst Published Sep 23, 2022, 1:00 PM IST
Highlights

മൊഹാലിയിലെ ആദ്യ ടി20യില്‍ നാല് വിക്കറ്റിന് ടീം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ബൗളര്‍മാരുമായി ടീം മാനേജ്‌മെന്‍റിന്‍റെ കൂടിക്കാഴ്‌ച

നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്ക് മുമ്പ് ഇന്ത്യന്‍ ടീമിലെ ബൗളിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കവുമായി ടീം മാനേജ്‌മെന്‍റ്. ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ, മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മെന്‍റല്‍ കണ്ടീഷനിംഗ് പരിശീലകന്‍ പാഡി ആപ്‌ടണ്‍ എന്നിവര്‍ ബൗളര്‍മാരുമായി ചര്‍ച്ച നടത്തി. ബൗളര്‍മാരുടെ ചുമതലകളെ കുറിച്ച് മാനേജ്‌മെന്‍റ് വ്യക്തമായി ധരിപ്പിച്ചു എന്നാണ് ഇന്‍സൈഡ്‌സ്പോര്‍ട്‌സിന്‍റെ റിപ്പോര്‍ട്ട്. 

മൊഹാലിയിലെ ആദ്യ ടി20യില്‍ നാല് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ബൗളര്‍മാരുമായി ടീം മാനേജ്‌മെന്‍റിന്‍റെ കൂടിക്കാഴ്‌ച. മത്സരത്തില്‍ 208 റണ്‍സ് പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിരുന്നില്ല. സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഒഴികെയുള്ള ബൗളര്‍മാരെല്ലാം റണ്‍സേറെ വഴങ്ങി. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലെ ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിംഗ് വലിയ ചോദ്യമാവുകയും ചെയ്‌തു. യോഗത്തില്‍ ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവര്‍ പങ്കെടുത്തു. 

ആദ്യ ടി20യില്‍ ഭുവനേശ്വര്‍ കുമാര്‍ 52 ഉം ഹര്‍ഷല്‍ പട്ടേല്‍ 49 ഉം റണ്‍സാണ് നാല് ഓവറില്‍ വിട്ടുകൊടുത്തത്. രണ്ട് ഓവര്‍ വീതമെറിഞ്ഞ ഉമേഷ് യാദവ് 27 ഉം ഹാര്‍ദിക് പാണ്ഡ്യ 22 ഉം റണ്‍സ് വഴങ്ങി. 3.2 ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ 42 ഉം റണ്‍സ് നല്‍കിയതും നാണക്കേടായി. നാല് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേല്‍ മാത്രമേ തിളങ്ങിയുള്ളൂ. 16-ാം ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഹര്‍ഷല്‍ 18-ാം ഓവറില്‍ 22 റണ്‍സാണ് എറിഞ്ഞുനല്‍കിയത്. അതേസമയം 17-ാം ഓവറില്‍ 15 ഉം 19-ാം ഓവറില്‍ 16 ഉം റണ്‍സ് ഭുവിക്കെതിരെ അടിച്ചു. 

ഇന്ന് രണ്ടാം ടി20യില്‍ പേസര്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത് ടീമിന് ഗുണമാകും. പ്രത്യേകിച്ച് ഡെത്ത് ഓവറില്‍ ഭുവനേശ്വര്‍ കുമാറിന് തിളങ്ങാനാവാത്ത സാഹചര്യത്തില്‍. നാഗ്‌പൂരില്‍ ഇന്ന് രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20. ഹര്‍ഷലിന് പകരം ദീപക് ചാഹറിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്. 

ഭുവിയെയും ഹര്‍ഷലിനെയും തൊടാന്‍ സമ്മതിക്കില്ല; റണ്ണൊഴുക്ക് വിമര്‍ശങ്ങള്‍ക്കിടെ പ്രതിരോധവുമായി സൂര്യകുമാര്‍

click me!