
കറാച്ചി: ഏഷ്യാ കപ്പില്‍ ടോപ് സ്കോററായിട്ടും പാക് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ബാബര്‍ അസമിനും മുഹമ്മദ് റിസ്‌വാനും എതിരെയുള്ള പ്രധാന വിമര്‍ശനം ടി20 ക്രിക്കറ്റില്‍ ഏകദിനം കളിക്കുന്നു എന്നായിരുന്നു. ഓപ്പണിംഗില്‍ റിസ്‌വാന്‍റെ മെല്ലെപ്പോക്കിനെയായിരുന്നു മുന്‍ താരങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചത്. മുന്‍ താരങ്ങളായ ഷൊയൈബ് അക്തറും വസീം അക്രമും വഖാര്‍ യൂനിസുമെല്ലാം റിസ്‌വാന്‍റെ മെല്ലെപ്പോക്കിനെയും ബാബറിന്‍റെ നിറം മങ്ങിയ പ്രകടനത്തെയും വിമര്‍ശിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ വീണ്ടും തോറ്റതോടെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് 10 വിക്കറ്റ് ജയവുമായി പാക്കിസ്ഥാന്‍ പരമ്പരയില്‍ ഒപ്പമെത്തി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ബാബറും റിസ്‌വാനും. ബാബര്‍ സെഞ്ചുറിയുമായി ഫോമിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചപ്പോള്‍ റിസ്‌വാന്‍ അര്‍ധസെഞ്ചുറിയുമായി കൂട്ടു നിന്നു.
ഈ കളി കൊണ്ട് പാക്കിസ്ഥാന് ഗുണമില്ല; ബാബറിനും റിസ്‌വാനും ഫഖറിനുമെതിരെ ആഞ്ഞടിച്ച് അക്തര്‍
ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെയായിരുന്നു ബാബറും റിസ്‌വാനും ചേര്‍ന്ന് അടിച്ചെടുത്തത്. ബാബര്‍ 66 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിസ്‌വാന്‍ 51 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നു. 19.3 ഓവറിലാണ് പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നത്.
ഏഷ്യാ കപ്പിലെ മെല്ലെപ്പോക്കിന്‍റെ പേരില്‍ ബാബറിനെയും റിസ്‌വാനെയും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇരുവരുടെയും ഇന്നിംഗ്സുകള്‍. ഇതിന് പിന്നാലെ ഇരുവരെയും വിമര്‍ശിച്ച മുന്‍ താരങ്ങളെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം ഷഹീന്‍ അഫ്രീദി. ട്വിറ്ററിലാണ് അഫ്രീദി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
ഒച്ചിഴയും വേഗം ഇനി നടപ്പില്ല; ബാബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനേയും പൊരിച്ച് അക്വിബ് ജാവേദ്
ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനെയും മാറ്റാനുള്ള സമയമായിരിക്കുന്നു. എത്രമാത്രം സ്വാര്‍ഥരാണ് ഇവര്‍. മര്യാദക്ക് കളിച്ചിരുന്നെങ്കില്‍ 15 ഓവറിലെങ്കിലും തീര്‍ക്കേണ്ട കളിയാണ് അവസാന ഓവര്‍ വരെ വലിച്ചു നീട്ടീയത് എന്ന് വിമര്‍ശകരെ കളിയാക്കി ട്വീറ്റ് ചെയ്ത ഷഹീന്‍, ഈ പാക് ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും കുറിച്ചു. മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇപ്പോള്‍ 1-1 സമനിലയിലാണ്. ഇന്ന് കറാച്ചിയിലാണ് പരമ്പര വിജയികളെ നിര്‍ണയിക്കുന്ന മൂന്നാം ടി20 മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!