
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി മുംബൈയില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ മുന്‍ ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മയെ പൊതിഞ്ഞ് ആരാധകര്‍. മുംബൈ ശിവാജി പാര്‍ക്കിലാണ് രോഹിത് ഇന്ന് പരിശീലനത്തിനെത്തിയത്. പരിശീലനം കഴിഞ്ഞ് മടങ്ങാനിരുന്ന രോഹിത്തിനെ കാത്ത് നൂറു കണക്കിന് ആരാധകരാണ് ശിവാജി പാര്‍ക്കിന് പുറത്ത് കാത്തു നിന്നിരുന്നത്. ഇന്ത്യൻ ടീമിന്‍റെ മുന്‍ സഹപരിശീലകന്‍ കൂടിയായ അഭിഷേക് നായരാണ് രോഹിത്തിന് മുമ്പ് ഗ്രൗണ്ടിന് പുറത്തെത്തിയത്.
പുറത്തെ ആരാധകകൂട്ടം കണ്ട അഭിഷേക് നായര്‍ നമ്മളെല്ലാം രോഹിത്തിന്‍റെ ആരാധകരാണെന്നും പക്ഷേ അദ്ദേഹത്തിന് കാറിന് അടുത്തേക്ക് പോകാന്‍ സുരക്ഷിതമായി വഴി ഒരുക്കണമെന്നും ആരും അദ്ദേഹത്തെ പിടിച്ചു തള്ളരുതെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെ രോഹിത് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകടമ്പടിയോടെ രോഹിത് എത്തിയപ്പോഴാകാട്ടെ ആള്‍ക്കൂട്ടം രോഹിത്തിനെ കാണാനായി തിക്കിത്തിരക്കിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെട്ട് രോഹിത്തിനെ വാഹനത്തിന് അടുത്തെത്തിച്ചു.
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അഭിഷേക് നായര്‍ക്കൊപ്പം രണ്ട് മണിക്കൂറോളം ബാറ്റിംഗ് പരിശീലനം നടത്തിയശേഷമാണ് രോഹിത് മടങ്ങിയത്. മുംബൈ താരമായ അംഘ്രിഷ് രഘുവംശി അടക്കമുള്ള താരങ്ങള്‍ ശിവാജി പാര്‍ക്കില്‍ രോഹിത്തിനൊപ്പം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും രോഹിത്തിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഓപ്പണറായി നിലനിര്‍ത്തിയിരുന്നു. 19ന് പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം.
ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയിലാണ് രോഹിത് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന്‍റെ നായകനായ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ടീം ക്യാപ്റ്റനാക്കിയത്. അടുത്തിടെ ശരീരഭാരം 10 കിലോ കുറച്ച് രോഹിത് കൂടുതല്‍ ഫിറ്റായതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!