Latest Videos

രോഹിത് ശര്‍മ്മ ആദ്യ സംഘത്തിനൊപ്പം, സഞ്ജുവോ? ട്വന്‍റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമിന്‍റെ യാത്രാ പദ്ധതിയായി

By Web TeamFirst Published May 10, 2024, 4:20 PM IST
Highlights

രണ്ടാം ബാച്ച് താരങ്ങള്‍ ഐപിഎല്‍ ഫൈനലിന് ശേഷം മാത്രമേ ടി20 ലോകകപ്പ് ടൂര്‍ണമെന്‍റിനായി പോകൂ

മുംബൈ: വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും ആതിഥേയത്വമരുളുന്ന ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ പുരുഷ ടീം യാത്രതിരിക്കുന്നത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഐപിഎല്‍ 2024 സീസണിന്‍റെ ഫൈനല്‍ നടക്കും മുമ്പേ ആദ്യ ബാച്ച് താരങ്ങള്‍ കരീബിയന്‍ ദ്വീപുകളിലേക്ക് ടൂര്‍ണമെന്‍റിനായി പറക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. 

രണ്ട് സംഘങ്ങളായാണ് ജൂണില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന് യാത്രതിരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പദ്ധതിയിടുന്നത്. ഐപിഎല്‍ ഫൈനല്‍ നടക്കുന്ന മെയ് 26ന് രണ്ട് ദിവസം മുമ്പ് 24-ാം തിയതി, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേഓഫ് മത്സരങ്ങള്‍ കളിക്കാത്ത ടീമുകളിലെ താരങ്ങളടങ്ങുന്ന ആദ്യ സംഘം ലോകകപ്പിനായി യാത്രതിരിക്കും. ടീം ഇന്ത്യയുടെ പരിശീലക സംഘവും ഇവര്‍ക്കൊപ്പമുണ്ടാകും. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യ ബാച്ചിനൊപ്പം പറന്നേക്കും. എന്നാല്‍ ഐപിഎല്‍ പ്ലേഓഫ് ചിത്രം ഇതുവരെ തെളിയാത്തതിനാല്‍ ആദ്യ ബാച്ചിലെ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് താരങ്ങള്‍ ഒഴികെയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ടാം ബാച്ച് താരങ്ങളാവട്ടെ ഐപിഎല്‍ ഫൈനലിന് ശേഷം മാത്രമേ ടി20 ലോകകപ്പ് ടൂര്‍ണമെന്‍റിനായി പോകൂ. 

രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിലെത്താന്‍ വലിയ സാധ്യതയുള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ രണ്ടാമത്തെ ബാച്ചിനൊപ്പമാകും ടൂര്‍ണമെന്‍റിനായി യാത്രതിരിക്കാന്‍ സാധ്യത. കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലുമായി ജൂണ്‍ 1 മുതല്‍ 29 വരെയാണ് ലോകകപ്പ് നടക്കുന്നത്. 20 ടീമുകളാണ് ട്വന്‍റി 20 ഫോര്‍മാറ്റിലെ ലോക അങ്കത്തില്‍ മാറ്റുരയ്‌ക്കുക. 

ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്. 

റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.   

Read more: ബിസിസിഐ കരാര്‍: ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ പുറത്താക്കിയത് അഗാര്‍ക്കര്‍ എന്ന് വെളിപ്പെടുത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!