
തിരുവനന്തപുരം: കേരള ക്രിക്കറ്റിന്‍റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’(കെസിഎല്‍) രണ്ടാം സീസൺ ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 7 വരെ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎൽ രണ്ടാം പതിപ്പിന്‍റെ തുടക്കമായി നാളെ രാവിലെ 10.30 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്,ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുടകള്‍ ഫ്രാഞ്ചൈസി മീറ്റില്‍ പങ്കെടുക്കും.
കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ ആവേശം നിറഞ്ഞുനിൽക്കുമ്പോഴാണ് ഐ.പി.എല്‍ മാതൃകയില്‍ കെ.സി.എ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ(കെസിഎല്‍) രണ്ടാം പതിപ്പ് ആരംഭിക്കുന്നത്. ലീഗ് വന്‍ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍. നടൻ മോഹന്‍ലാല്‍ ആണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. ഫെഡറൽ ബാങ്ക് ആണ് ടൈറ്റിൽ സ്പോൺസർ.
താരലേലം ജൂലൈ 5ന്, സഞ്ജുവും വിഘ്നേഷ് പുത്തൂരും ലേലത്തിന്
ലീഗിന്‍റെ താരലേലം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ജൂലൈ 5 ന് നടക്കും. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസ് താരമായിരുന്ന വിഘ്നേഷ് പുത്തൂരും താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി നാലു താരങ്ങളെ നിലനിര്‍ത്താൻ അവസരം നല്‍കും. ഇതില്‍ സംസ്ഥാനത്തിനായി കളിച്ച മൂന്ന് ക്യാപ്ഡ് താരങ്ങളെ മാത്രമെ പരമാവധി നിലനിര്‍ത്താനാവു. ഈ മാസം 30 ആണ് നിലനിര്‍ത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.
ഒന്നാം സീസണില്‍ 6 ടീമുകളിലായി 114 താരങ്ങളായിരുന്നു മത്സരംഗത്തുണ്ടായിരുന്നത്. 168 കളിക്കാരാണ് ആദ്യ ലേലത്തിനായി രജിസ്റ്റർചെയ്തിട്ടുണ്ടായിരുന്നത്. ശരാശരി 35 ലക്ഷം രൂപയാണ് ഓരോ ടീമും താരലേലത്തിനായി മുടക്കിയത്. ഇതിനോടൊപ്പം തന്നെ ഐക്കൺ താരങ്ങളായി ഓരോ കളിക്കാരെ ടീമുകൾ ആദ്യമേ തന്നെ സ്വന്തമാക്കിയിരുന്നു.സച്ചിന്‍ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് (ഏരീസ് ഗ്രൂപ്പ്) ആണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ ചാമ്പ്യന്മാര്‍. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. 30 ലക്ഷം രൂപയാണ് ആദ്യ ചാമ്പ്യന്മാര്‍ ആയ കൊല്ലം സെയിലേഴ്സിന് പാരിതോഷികമായി ലഭിച്ചത്. റണ്ണേഴ്സ് അപ്പായ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് 20 ലക്ഷം രൂപയും പാരിതോഷികമായി ലഭിച്ചു.
ആദ്യ സീസണിൽ ലേലത്തിൽ ഓരോ ടീമും കൂടിയ തുകയ്ക്ക് സ്വന്തമാക്കിയ കളിക്കാരന്‍റെ പ്രതിഫലത്തിന്‍റെ 10% ഉയർന്ന തുകയാണ് ഐക്കൺ താരത്തിനു ലഭിക്കുക. ഇതോടെ ഓരോ ടീമും കളിക്കാർക്കായി മാത്രം ആദ്യ സീസണിൽ 40 ലക്ഷം രൂപയിലേറെ ചിലവാക്കിയിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് നടന്ന ലീഗിൽ സെമിയും ഫൈനലുമടക്കം 33 മത്സരങ്ങളാണുണ്ടായിരുന്നത്. ഫൈനൽ ദിനമൊഴികെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടന്നു.
രണ്ടാം സീസൺ സ്റ്റാർ സ്പോർട്സ് കൂടാതെ ഏഷ്യാനെറ്റ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലും കളി തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഒരുകോടി 40 ലക്ഷം കാഴ്ചക്കാര്‍ ആയിരുന്നു കഴിഞ്ഞ സീസണ്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലൂടെ തത്സമയം വീക്ഷിച്ചത്. ഏഷ്യാനെറ്റ്, ഫാന്‍കോട് എന്നിവയിലൂടെ 32 ലക്ഷത്തില്‍പ്പരം കാഴ്ചക്കാരും മത്സരങ്ങള്‍ കണ്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക