
ജയ്പൂർ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിനെ 15,600 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെ ആഗോള വ്യവസായ ഭീമൻ ലക്ഷ്മി നിവാസ് മിത്തൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 1.6 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള, ലോകത്തെ രണ്ടാമത്തെ വലിയ ഉരുക്ക് നിർമ്മാണ കമ്പനിയായ 'ആർസെലർ മിത്തലിന്‍റെ' അമരക്കാരൻ ഇനി ക്രിക്കറ്റ് മൈതാനത്തെ തന്ത്രങ്ങൾക്കും കരുത്തുപകരും. 1950-ൽ രാജസ്ഥാനിലെ സാദുൽപൂരിൽ ജനിച്ച ലക്ഷ്മി മിത്തൽ ഒരര്‍ത്ഥത്തില്‍ രാജസ്ഥാന്‍റെ മകനാണ്. ജന്‍മം കൊണ്ട് രാജസ്ഥാനിയാണെങ്കിലും കൊൽക്കത്തയിലെ ഒരു സാധാരണ മാർവാഡി കുടുംബത്തിലാണ് ലക്ഷ്മി മിത്തല്‍ വളര്‍ന്നത്.
ഒരു ചെറിയ കുടുംബ ബിസിനസിൽ നിന്ന് ആഗോള സാമ്രാജ്യം കെട്ടിപ്പടുത്ത മിത്തലിന്‍റെ വളർച്ച വിസ്മയകരമായിരുന്നു. 2006-ൽ യൂറോപ്യൻ സ്റ്റീൽ ഭീമനായ 'ആർസെലറെ' ഏറ്റെടുത്തത് ലോക വ്യവസായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നായിരുന്നു. ലണ്ടനിലെ ലോകപ്രശസ്തമായ 'ബില്യണയേഴ്സ് റോയിൽ' മൂന്ന് വമ്പൻ ബംഗ്ലാവുകൾ മിത്തലിന് സ്വന്തമായുണ്ട്. എങ്കിലും തന്‍റെ നാടായ രാജസ്ഥാനോടും അവിടുത്തെ പരമ്പരാഗത മാർവാഡി വിഭവങ്ങളും മിത്തലിന് ഇപ്പോഴും ഇഷ്ടമാണ്. മകൻ ആദിത്യ മിത്തൽ, മകൾ വാനിഷ എന്നിവരും ബിസിനസ്സിൽ കരുത്തായി ലക്ഷ്മി മിത്തലിനൊപ്പനമുണ്ട്. രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കാനുള്ള തന്‍റെ തീരുമാനത്തിന് പിന്നിലെ രഹസ്യം ലക്ഷ്മി മിത്തൽ തന്നെ വെളിപ്പെടുത്തിയിരുന്നു. എനിക്ക് ക്രിക്കറ്റ് വലിയ ഇഷ്ടമാണ്. എന്റെ കുടുംബം രാജസ്ഥാനിൽ നിന്നുള്ളവരായതിനാൽ രാജസ്ഥാൻ റോയൽസിനേക്കാൾ പ്രിയപ്പെട്ട മറ്റൊരു ടീമില്ലെന്നായിരുന്നു ലക്ഷ്മി മിത്തലിന്‍റെ വാക്കുകള്‍.
ലക്ഷ്മി എൻ. മിത്തലും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാർ പൂനവാലയും ചേർന്നാണ് രാജസ്ഥാൻ റോയൽസിന്റെ ഭൂരിഭാഗം ഓഹരികളും ഏകദേശം 15,600 കോടി രൂപക്ക് (1.65 ബില്യൺ ഡോളർ) സ്വന്തമാക്കിയത്. പുതിയ ഉടമസ്ഥാവകാശ കരാര്‍ പ്രകാരം ടീമിന്‍റെ 75 ശതമാനം ഓഹരികൾ മിത്തല്‍ കുടുംബത്തിന്‍റെ കൈവശമാണ്. 18 ശതമാനം ഓഹരികളാണ് അദാർ പൂനവാലെക്കുണ്ടാകുക. നിലവിലെ ഉടമകളായ മനോജ് ബദാലെക്കും മറ്റു നിക്ഷേപകർക്കും ബാക്കിയുള്ള 7 ശതമാനം ഓഹരികളും ലഭിക്കും. ഐപിഎൽ ടീമിന് പുറമെ, ദക്ഷിണാഫ്രിക്കയിലെ പാൾ റോയൽസ്, കരീബിയൻ പ്രീമിയർ ലീഗിലെ ബാർബഡോസ് റോയൽസ് എന്നീ ടീമുകളും ഈ കരാറിന്‍റെ ഭാഗമാണ്. പുതിയ പ്രതിഭകളെ കണ്ടെത്തി വളർത്തുന്ന റോയൽസിന്‍റെ ശൈലി തുടരുമെന്ന് ആദിത്യ മിത്തലും വ്യക്തമാക്കി.നേരത്തെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന അദാർ പൂനവാല, മിത്തൽ കുടുംബത്തോടൊപ്പം ചേർന്നാണ് ഇപ്പോൾ ഐപിഎല്ലിലേക്ക് ചുവടുവെക്കുന്നത്.
ഭരണസമിതിയിൽ മാറ്റംടീമിന്റെ പുതിയ ഡയറക്ടർ ബോർഡിൽ ലക്ഷ്മി മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ ഭാട്ടിയ, അദാർ പൂനവാല എന്നിവർക്കൊപ്പം പഴയ ഉടമ മനോജ് ബദാലെയും ഉണ്ടാകും. ബിസിസിഐ, ഐപിഎൽ ഗവേണിംഗ് കൗൺസിൽ, സിസിഐ എന്നിവയുടെ ഔദ്യോഗിക അംഗീകാരങ്ങൾ ലഭിക്കുന്നതോടെ 2026 സെപ്റ്റംബറോടെ കൈമാറ്റ നടപടികൾ പൂർത്തിയാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!