
ബെംഗളൂരു: ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിൽ എം.എസ്. ധോണിയുടെ റോളിനെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എബി ഡിവില്ലിയേഴ്സ്. രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ ടീമിലെത്തിയതോടെ ടീമിലെ ധോണിയുടെ സ്ഥാനം എവിടെയാണെന്ന ചർച്ചകൾക്കും ഇത് വഴിതുറന്നു. സഞ്ജുവും റുതുരാജും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുന്നോട്ടുനയിക്കാന്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണുകളിലായി ധോണി എട്ടാം നമ്പറിലോ ഒൻപതാം നമ്പറിലോ ആണ് ബാറ്റിംഗിന് ഇറങ്ങുന്നത്. ടീമിനെ നയിക്കുന്നതുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ധോണി പ്ലേയിംഗ് ഇലവനിൽ തുടരുന്നത് ശരിയായ കാരണങ്ങൾക്കൊണ്ടാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഡിവില്ലിയേഴ്സ് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ വ്യക്തമാക്കി. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കരിയറിന്‍റെ അവസാന കാലത്ത് വിരമിക്കണോ അതോ തുടരണോ എന്ന ആശയക്കുഴപ്പത്തിലായതുപോലെയാണ് ധോണിയുടെ കാര്യമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ധോണിയെ ഒരിക്കലും അത്തരമൊരു സാഹചര്യത്തില്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിരമിച്ചാലും ധോണിക്ക് ടീമിനൊപ്പം മെന്‍ററായി തുടരാമല്ലോ എന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
ധോണി ക്യാപ്റ്റനല്ലെങ്കിൽ, ബാറ്റിംഗ് ഓർഡറിൽ ഇത്രയും താഴെയാണ് വരുന്നതെങ്കിൽ ഒരു സ്ഥാനം വെറുതെ പൂരിപ്പിക്കുന്നത് പോലെയാണ് അത്. വ്യക്തിയല്ല, ടീമാണ് കിരീടം നേടുന്നത്. റിതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ധോണിയിൽ നിന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യരായ താരങ്ങളാണ്-ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. എന്നാൽ ഡിവില്ലിയേഴ്സിന്‍റെ വാദങ്ങളെ മുൻ സിഎസ്‌കെ താരം ചേതേശ്വർ പൂജാര എതിർത്തു. ധോണിയെ ബാറ്റിംഗ് ഓർഡറിൽ കുറച്ചുകൂടി നേരത്തെ ഇറക്കിയാൽ അദ്ദേഹത്തിന് ഇപ്പോഴും മത്സരങ്ങൾ ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിയുമെന്ന് പൂജാര പറഞ്ഞു.
ധോണി 8-ാം നമ്പറിലോ 9-ാം നമ്പറിലോ കളിക്കുന്നതിൽ എനിക്ക് താൽപ്പര്യമില്ല. 5 പന്ത് നേരിടുന്ന ധോണിയല്ല, മറിച്ച് 25-30 പന്തുകൾ നേരിടാൻ അവസരം കിട്ടുന്ന മഹി ഭായ് ടീമിന് എത്രത്തോളം ഗുണകരമാകുമെന്ന് ആലോചിച്ചു നോക്കൂ- പൂജാര പറഞ്ഞു. സഞ്ജു സാംസണിന്‍റെ വരവോടെ സിഎസ്‌കെ ഒരു വലിയ മാറ്റത്തിന്‍റെ ഘട്ടത്തിലാണ്.റുതുരാജ് ടീമിനെ നയിക്കുമ്പോൾ സഞ്ജുവിനെപ്പോലൊരു സീനിയർ താരം കൂടി എത്തിയത് ടീമിന് കരുത്താണ്. ധോണിയുടെ സാന്നിധ്യം ടീമിൽ ഇപ്പോഴും ചർച്ചാവിഷയമാണെങ്കിലും, താരം ഐപിഎൽ 2026 സീസൺ മുഴുവൻ ലഭ്യമാകുമെന്ന് സിഎസ്‌കെ സിഇഒ സ്ഥിരീകരിച്ചിട്ടുണ്ട്. യുവതാരങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം തന്നെ മുതിർന്ന താരങ്ങളോടുള്ള വിശ്വാസവും ടീം സംസ്കാരത്തിന്റെ ഭാഗമാണെന്ന് പൂജാര ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!