
രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ എയ്ക്ക്. രണ്ടാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന് ജയിച്ചതോടൊയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 133 റണ്‍സ് വിജയലക്ഷ്യം 27.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അഭിഷേക് ശര്‍മയുടെ (32) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. റുതുരാജ് ഗെയ്കവാദ് (68), തിലക് വര്‍മ (29) എന്നിവര്‍ പുറത്താവാതെ നിന്നു. രാജ്‌കോട്ടില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റ് നേടിയ നിശാന്ത് സിന്ധു, മൂന്ന് പേരെ പുറത്താക്കിയ ഹര്‍ഷിത് റാണ എന്നിവരാണ് തകര്‍ത്തത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അഭിഷേക് - റുതുരാജ് സഖ്യം 53 റണ്‍സ് ചേര്‍ത്തു. എന്നാല്‍ അഭിഷേകിനെ ഒമ്പതാം ഓവറില്‍ ഇന്ത്യക്ക് നഷ്ടമായി. ലൂത്തോ സിപാംലയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു താരം. തുടര്‍ന്ന് റുതുരാജ് - തിലക് സഖ്യം നേടിയ 82 റണ്‍സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 83 പന്തുകള്‍ നേരിട്ട റുതുരാജ് ഒമ്പത് ബൗണ്ടറികള്‍ നേടി. ആദ്യ മത്സരത്തില്‍ റുതുരാജ് സെഞ്ചുറി നേടിയിരുന്നു. നേരത്തെ, 30.3 ഓവറില്‍ ദക്ഷിണാഫ്രക്ക എല്ലാവരും പുറത്താവുകയായിരുന്നു. 33 റണ്‍സ് നേടിയ റിവാള്‍ഡോ മൂണ്‍സാമിയാണ് ദക്ഷണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
ഭേദപ്പട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ ലുവാന്‍ ഡ്രി പ്രിട്ടോറിയുസ് (21) - റിവാള്‍ഡോ സഖ്യം 39 റണ്‍സ് ചേര്‍ത്തു. എന്നാല്‍ പ്രിട്ടോറിയസിനെ പുറത്താക്കി റാണ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ മൂണ്‍സാമിയെ നിശാന്തും മടങ്ങി. പിന്നീടെത്തിയ ജോര്‍ദാന്‍ ഹെര്‍മാന്‍ (4), മാര്‍ക്വസ് ആക്കര്‍മാന്‍ (7), സിനെതെംമ്പ ക്വഷിലെ (3) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. പിന്നീട് വന്നവരില്‍ ഡിയാന്‍ ഫെറെസ്റ്റര്‍ (22), ഡെലാനോ പോറ്റ്ഗീറ്റര്‍ (23), പ്രണേളാന്‍ സുബ്രായെന്‍ (15) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചത്. ക്വബയോംസി പീറ്റര്‍ (0), ലുതോ സിംപാല (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒറ്റ്‌നീല്‍ ബാര്‍ട്മാന്‍ (0) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, ആയുഷ് ബദോനി, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, നിശാന്ത് സിന്ധു, ഹര്‍ഷിത് റാണ, വിപ്രജ് നിഗം, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക: റിവാള്‍ഡോ മൂണ്‍സാമി, ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ജോര്‍ദാന്‍ ഹെര്‍മന്‍, മാര്‍ക്വെസ് ആക്കര്‍മാന്‍ (ക്യാപ്റ്റന്‍), സിനെതെംമ്പ ക്വഷിലെ, ഡയാന്‍ ഫോറസ്റ്റര്‍, ഡെലാനോ പോട്ട്ഗീറ്റര്‍, പ്രണേലന്‍ സുബ്രയന്‍, എന്‍കബയോംസി പീറ്റര്‍, ലൂത്തോ സിപാംല, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!