
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഏറ്റ തോല്‍വി ബിസിസിഐയെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങള്‍ മിക്കവരും കരിയറിന്‍റെ അവസാന കാലത്താണ് എന്നതിനാല്‍ പുതു താരങ്ങളെ വളര്‍ത്തിയെടുക്കേണ്ട സമയമാണിത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഫോമിലുള്ള താരങ്ങളെ ടീമിലെടുക്കണമെന്ന മുറവിളി പല കോണുകളില്‍ നിന്ന് സജീവമാണ്. പ്രധാനമായും രണ്ട് താരങ്ങള്‍ക്കാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഉടനടി വാതില്‍ തുറക്കാന്‍ സാധ്യത.
ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിനായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും യശസ്വി ജയ്‌സ്വാളുമാണ് ഇന്ത്യന്‍ സെലക്‌ടര്‍മാരുടെ കണ്ണിലുള്ള താരങ്ങള്‍. ജൂണ്‍ 28 മുതല്‍ ബെംഗളൂരുവില്‍ തുടങ്ങുന്ന ദുലീപ് ട്രോഫി ഇരുവര്‍ക്കും നിര്‍ണായകമാകും. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ജൂലൈ 12 മുതല്‍ രണ്ട് ടെസ്റ്റുകള്‍ ടീം ഇന്ത്യക്കുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മധ്യനിര താരം ചേതേശ്വര്‍ പൂജാര എന്നിവര്‍ പോലും ഫോമില്ലായ്‌മയുടെ വിമര്‍ശനങ്ങളിലാണ്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ ടെസ്റ്റ് ടീമിനെ അടിമുടി പൊളിച്ചെഴുതാന്‍ സെലക്‌ടര്‍മാര്‍ തയ്യാറായേക്കില്ല. എങ്കിലും യുവ താരങ്ങള്‍ക്ക് വൈകാതെ അവസരം നല്‍കാതിരിക്കാന്‍ ബിസിസിഐക്ക് ആവില്ല. ഏതാണ്ട് സമപ്രായക്കാരായ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരെല്ലാം ടെസ്റ്റ് കരിയറില്‍ ഇനി എത്രകാലം കളിക്കുമെന്ന് കണ്ടറിയണം.
അതിനാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഭാവി പദ്ധതികളില്‍ മഹാരാഷ്‌ട്രയുടെ റുതുരാജ് ഗെയ്‌ക്‌വാദും മുംബൈയുടെ യശസ്വി ജയ്‌സ്വാളും വരും എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും അല്‍പമൊന്ന് കാത്തിരിക്കേണ്ടി വന്നേക്കാം ചിലപ്പോള്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. വിന്‍ഡീസ് പര്യടനത്തിന് ശേഷം ഡിസംബറിലാണ് ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങളുള്ളത്. ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കൂടുതല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യന്‍ നിരയെ അണിനിരത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലേക്ക് മടക്കിവിളിക്കുന്നതും സെലക്‌ടര്‍മാരുടെ മനസിലുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റുതുരാജ് 16 കളിയില്‍ 590 ഉം ജയ്‌സ്വാള്‍ 625 ഉം റണ്‍സ് വീതം നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്ക് അഞ്ച് മാസം അവശേഷിക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ഇരുവര്‍ക്കും നിര്‍ണായകമാകും. റുതുരാജും ജയ്‌സ്വാളും ടീമിലെത്തുന്നതോടെ രണ്ട് സീനിയര്‍ താരങ്ങളുടെ കസേര തുലാസിലാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!