ഐസിസിയുടെ അംപയറിംഗ് എലൈറ്റ് പാനലില്‍ നിലവിലുള്ള ഏക ഇന്ത്യക്കാരനാണ് നിതിന്‍ മോനന്‍
മുംബൈ: മത്സര സമയത്ത് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ തീരുമാനങ്ങളെടുക്കാന്‍ സമ്മര്‍ദം ചൊലുത്താറുള്ളതായി തുറന്നുപറഞ്ഞ് രാജ്യാന്തര അംപയര്‍ നിതില്‍ മേനന്‍. ടീം ഇന്ത്യയുടെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണ് എന്നും നിതിന്‍ ആഷസ് പരമ്പരയ്‌ക്കിടെ വ്യക്തമാക്കി.
'ഇന്ത്യന്‍ ഉപഭുഖണ്ഡത്തില്‍ ആദ്യ രണ്ട് വര്‍ഷം അംപയറായി ജോലി ചെയ്‌തത് വലിയ അനുഭവമായിരുന്നു. ടെസ്റ്റ് മത്സരങ്ങളും പിന്നീട് ഓസ്ട്രേലിയയിലേയും ദുബായിലേയും ട്വന്‍റി 20 ലോകകപ്പുകളുമായിരുന്നു ഇത്. ലോകത്തെ മികച്ച അംപയര്‍മാര്‍ക്കും താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനായത് അംപയറിംഗ് മികവ് വര്‍ധിപ്പിച്ചു. സമ്മര്‍ദ ഘട്ടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഏറെ പഠിച്ചു. ഇന്ത്യയില്‍ ടീം ഇന്ത്യ കളിക്കുമ്പോള്‍ ഏറെ ഹൈപ്പുണ്ടാകും ആ മത്സരത്തിന്. ഇന്ത്യന്‍ ടീമിലെ വമ്പന്‍ താരങ്ങള്‍ വലിയ സമ്മര്‍ദം നമ്മളില്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കും. 50-50 അവസരങ്ങള്‍ വരുന്ന മത്സരങ്ങളില്‍ തീരുമാനം അവര്‍ക്ക് ഉചിതമായി മാറ്റാന്‍ താരങ്ങള്‍ ശ്രമിക്കും. എന്നാല്‍ അവര്‍ എന്ത് ചെയ്യുന്നു, പ്രവര്‍ത്തിക്കുന്നു എന്നത് നമ്മള്‍ ശ്രദ്ധിക്കാറില്ല. താരങ്ങള്‍ സൃഷ്‌ടിക്കുന്ന കടുത്ത സമ്മര്‍ദത്തിനിടയിലും എത്രത്തോളം സമ്യമനത്തോടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്. ഇത് എനിക്ക് ഏറെ ആത്മവിശ്വാസം തന്നിട്ടിട്ടുണ്ട്. ഇന്ത്യന്‍ അംപയര്‍മാരെ നയിക്കുന്നതും വലിയ ചുമതലയാണ്. ഐസിസിയുടെ എലൈറ്റ് പാനലിലേക്ക് എത്തിയപ്പോള്‍ എനിക്ക് വലിയ പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ അവസാന മൂന്ന് വര്‍ഷക്കാലം വലിയ വളര്‍ച്ച അംപയര്‍ എന്ന നിലയ്‌ക്ക് എനിക്കുണ്ടായി.
നാളെ ഒരു മത്സരമുണ്ടെങ്കില്‍ മൈതാനത്ത് വരാന്‍ പോകുന്ന താരങ്ങള്‍ ആരൊക്കെയെന്ന് നമുക്കറിയാം. അതിന് അനുസരിച്ച് തയ്യാറെടുപ്പ് നടത്തും. ചില താരങ്ങള്‍ സമ്മര്‍ദം സൃഷ്ടിക്കുമെങ്കിലും തന്ത്രപരമായി അത് കൈകാര്യം ചെയ്യാന്‍ ശ്രമിക്കാറുണ്ട്' എന്നും നിതിന്‍ മേനന്‍ പറഞ്ഞു. ഐസിസിയുടെ അംപയറിംഗ് എലൈറ്റ് പാനലില്‍ നിലവിലുള്ള ഏക ഇന്ത്യക്കാരനാണ് നിതിന്‍ മോനന്‍. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മുതല്‍ നിതിന്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നിയന്ത്രിക്കും. ആഷസ് പരമ്പര വലിയ പോരാട്ടവേദിയാണ്. ആവേശകരമായ മത്സരം പ്രതീക്ഷിക്കുന്നതായും അദേഹം വ്യക്തമാക്കി.
Read more: ഇഷാന്‍ കിഷന് സുപ്രധാന നിര്‍ദേശവുമായി ബിസിസിഐ; സഞ്ജു സാംസണിനും ബാധകമോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
