നിലവിലെ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടുള്ള കളിക്കാരന്‍, മറുപടിയുമായി ഡെയ്ല്‍ സ്റ്റെയന്‍

By Web TeamFirst Published Nov 9, 2021, 8:17 PM IST
Highlights

നിലവിലെ ഇന്ത്യന്‍ ടീമില്‍ ആര്‍ക്കെതിരെ പന്തെറിയാനാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടെന്ന് ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസമായ ഡെയ്ല്‍ സ്റ്റെയ്ന്‍.

ദുബൈ: ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായതിന്‍റെ നിരാശയിലാണ് ആരാധകര്‍. മാച്ച് വിന്നര്‍മാരായി നിരവധിപേരുണ്ടായിട്ടും ഫേവറൈറ്റുകളായിരുന്ന ഇന്ത്യ സെമിയിലെത്താതിരുന്നത് ക്രിക്കറ്റ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സൂപ്പര്‍ 12 ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും(Pakistan) ന്യൂസിലന്‍ഡിനോടും(New Zeland) ഏറ്റ തോല്‍വികളാണ് ഇന്ത്യയുടെ സെമിയിലേക്കുള്ള വഴിയടച്ചത്.

പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(Rohit Sharma) കെ എല്‍ രാഹുലും(KL Rahul) മികച്ച പ്രകടനം നടത്തിയിരുന്നു. രാഹുല്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയപ്പോള്‍ രോഹിത് രണ്ട് അര്‍ധസ‍െഞ്ചുറി നേടി.

ഈ സാഹചര്യത്തില്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ആര്‍ക്കെതിരെ പന്തെറിയാനാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടെന്ന് ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസമായ ഡെയ്ല്‍ സ്റ്റെയ്ന്‍(Dale Steyn). ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് ഒരു ആരാധകന്‍റെ ചോദ്യത്തിന് സ്റ്റെയ്ന്‍ മറുപടി നല്‍കിയത്.

Who is KL?

— Zaheer Chughtai (@ZaheerChughtai)

നിലവിലെ ഇന്ത്യന്‍ ടീമില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടള്ള ബാറ്റര്‍ രോഹിത് ശര്‍മയോ വിരാട് കോലിയോ അല്ല, സ്റ്റെയ്നിനിന്‍റെ അഭിപ്രായത്തില്‍  അത് കെ എല്‍ രാഹുലാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും മികവു കാട്ടുന്ന കളിക്കാരനാണ് രാഹുല്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തിയതുമുതല്‍ രാഹുല്‍ അസാമാന്യ ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളില്‍ 315 റണ്‍സടിച്ച രാഹുല്‍ അതിനുശേഷം നടന്ന ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി 626 റണ്‍സടിച്ച് തിളങ്ങിയിരുന്നു.

ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും കുറഞ്ഞ സ്കോറില്‍ പുറത്തായ രാഹുല്‍ അഫ്ഗാനിസ്ഥാനെതിരെ 69ഉം, സ്കോട്‌ലന്‍ഡിനെതിരെ 54ഉം, നമീബിയക്കെതിരെ 50 ഉം റണ്‍സടിച്ചിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്റ്റെയ്ന്‍ ഇപ്പോള്‍ ടി20 ലോകകപ്പില്‍ കമന്‍റേറ്റര്‍ കൂടിയാണ്.

click me!