
മുംബൈ:ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ്(World Record) പ്രകടനവുമായി വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍(Akshay Karnewar). സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍(Syed Mushtaq Ali Trophy) മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
മണിപ്പൂരിനെതിരെ നാലോവറില്‍ റണ്‍സൊന്നും വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല രണ്ട് വീഴ്ത്തുകയും ചെയ്തു 29കാരനായ കര്‍നെവാര്‍. ടി20 ചരിത്രത്തില്‍ നാലോവറും മെയ്ഡന്‍ ആക്കുന്ന ആദ്യ ബൗളറാണ് കര്‍നെവാര്‍. കര്‍നെവാറിന്‍റെ ബൗളിംഗ് മികവ് വിദര്‍ഭയെ നോക്കൗട്ടില്‍ എത്തിക്കുകയും ചെയ്തു.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ പാക് പേസറായ മുഹമ്മദ് ഇര്‍ഫാന്‍(Mohammad Irfan) നാലോവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത റെക്കോര്‍ഡാണ് കര്‍നെവാര്‍ ഇന്നലെ പഴങ്കഥയാക്കിയത്. ബാര്‍ബഡോസ് ട്രൈഡന്‍റിനായി 2018ലായിരുന്നു ഇര്‍ഫാന്‍റെ പ്രകടനം.
നാലോവര്‍ സ്പെല്ലില്‍ ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും കര്‍നെവാര്‍ പന്തെറിഞ്ഞുവെന്ന പ്രത്യേകതയുമുണ്ട്. ഓഫ് സ്പിന്നറായി കരിയര്‍ തുടങ്ങിയ കര്‍നെവാറിന് രണ്ടു കൈകൊണ്ടും പന്തെറിയാനാവും. അവിശ്വസനീയമായാണ് തന്‍റെ നേട്ടമെന്നും റെക്കോര്‍ഡ് സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും കര്‍നെവാര്‍ പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 20 ഓവറില്‍ 222 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ മണിപ്പൂര്‍ 16.3 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ന് സിക്കിമെനിതിരായ മത്സരത്തിലും കര്‍നെവാര്‍ തിളങ്ങി. സിക്കിമിനെതിരെ ഹാട്രിക്ക് നേടിയ കര്‍നെവാര്‍ നാലോവറില്‍ ഒരു മെയ്ഡല്‍ അടക്കം അഞ്ച് റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
മിന്നിത്തിളങ്ങി വെങ്കിടേഷ് അയ്യരും
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദമായ വെങ്കടേഷ് അയ്യരും(Venkatesh Iye) തന്‍റെ ബൗളിംഗ് മികവുകൊണ്ട് ഇന്ന് ശ്രദ്ധേയനായി. ബിഹാറിനെതിരായ മത്സരത്തില്‍ മധ്യപ്രദേശിനായി പന്തെറിഞ്ഞ മീഡിയം പേസറായ വെങ്കടേഷ് അയ്യര്‍ നാലോവറില്‍ രണ്ട് മെയ്ഡന്‍ അടക്കം രണ്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ഇക്കോണമിക്കല്‍ സ്പെല്ലാണ് അയ്യര്‍ ഇന്നെറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!