വിരാട് കോലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മ ഇന്ത്യന്‍ നായകനാവും

By Web TeamFirst Published Nov 9, 2021, 6:23 PM IST
Highlights

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കും. രണ്ടാം ടെസ്റ്റില്‍ നായകനായി കോലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ(Team India) ക്യാപ്റ്റനായി രോഹിത് ശര്‍മയെ(Rohit Sharma) തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ(New Zeland) ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റം. കെ എല്‍ രാഹുലാവും(KL Rahul) പുതിയ വൈസ് ക്യാപ്റ്റനെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കും. രണ്ടാം ടെസ്റ്റില്‍ നായകനായി കോലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുക. മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര.

ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെ(Ajinkya Rahane) തുടരും. ഈ മാസം 25 മുതല്‍ കാണ്‍പൂരിലാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയില്‍ രണ്ടാം ടെസ്റ്റ് നടക്കും.

ടി20 ലോകകപ്പിന് മുമ്പാണ് ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്ന് കോലി പ്രഖ്യാപിച്ചത്. ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതോടെ ഐസിസി കിരീടങ്ങളൊന്നും നേടാനാവാതെയാണ് ടി20 ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് കോലി പടിയിറങ്ങുന്നത്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങളായ ജസ്പ്രീ ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്കും വിശ്രമം അനുവദിച്ചേക്കും. ഐപിഎല്ലില്‍ തിളങ്ങിയ ഹര്‍ഷല്‍ പട്ടേല്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഇടം പിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ലോകകപ്പോടെ കരാര്‍ അവസാനിച്ച പരിശീലകന്‍ രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി നേരത്തെ നിയമിച്ചിരുന്നു.

click me!