എല്‍ഗാറിനും ഡികോക്കിനും സെഞ്ചുറി; ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനില്‍പ്പ്

By Web TeamFirst Published Oct 4, 2019, 5:18 PM IST
Highlights

ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനില്‍പ്പ്. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തിട്ടുണ്ട്. എന്നാലിപ്പോഴും 117 റണ്‍സ് പിറകിലാണ് ദക്ഷിണാഫ്രിക്ക.

വിശാഖപട്ടണം: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനില്‍പ്പ്. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തിട്ടുണ്ട്. എന്നാലിപ്പോഴും 117 റണ്‍സ് പിറകിലാണ് ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗാര്‍ (160), ക്വിന്റണ്‍ ഡി കോക്ക് (111) എന്നിവരുടെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന് കരുത്തായത്. ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. രവീന്ദ്ര ജഡേജയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

മൂന്നിന് 39 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. തെംബ ബവൂമ (18)യെ പുറത്താക്കി ഇശാന്ത് ശര്‍മ ഇന്ത്യക്ക് മൂന്നാംദിനം ബ്രേക്ക്ത്രൂ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസെസിസ് (55) എല്‍ഗാറിനൊപ്പം പിടിച്ചുനിന്നതോടെ ദക്ഷിണാഫ്രിക്ക തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരുവരും 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഫാഫിനെ അശ്വിന്‍ മടക്കിയതോടെ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷയേറി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഡി കോക്കിന്റെ സെഞ്ചുറി ഇന്ത്യയുടെ ലീഡ് കുറച്ചു. 

എല്‍ഗാര്‍- ഡികോക്ക് സഖ്യം 174 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ എല്‍ഗാര്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 18 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു എല്‍ഗാറുടെ ഇന്നിങ്‌സ്. താരത്തിന്റെ 12ാം സെഞ്ചുറിയാണിത്. ഡി കോക്കാവട്ടെ അശ്വിന്റെ പന്തില്‍ ബൗള്‍ഡായി. ഡികോക്കിന്റെ അഞ്ചാം സെഞ്ചുറിയാണിത്. രണ്ട് സിക്‌സും 16 ഫോറും അടങ്ങുന്നതാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. 

പിന്നീടെത്തിയ വെര്‍ണോന്‍ ഫിലാന്‍ഡറും (0) അശ്വിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. സെനുരാന്‍ മുത്തുസാമി (12), കേശവ് മഹാരാജ് (3) എന്നിവരാണ് ക്രീസില്‍. അശ്വിനും ജഡേജയ്ക്കും പുറമെ ഇശാന്ത് ശര്‍മ ഒരു വിക്കറ്റ് വീഴ്ത്തി.

click me!