ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഇന്ത്യ നേരിട്ടത് (റണ്‍സ് അടിസ്ഥാനത്തില്‍) ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. അഹമ്മദാബാദില്‍, 76 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. ഡേവിഡ് മില്ലര്‍ (35 പന്തില്‍ 63, ഡിവാള്‍ഡ് ബ്രേവിസ് (29 പന്തില്‍ 45), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (24 പന്തില്‍ പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.5 ഓവറില്‍ കേവലം 111 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ ജാന്‍സന്‍, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവ ഇന്ത്യയെ തകര്‍ത്തത്.

2010ല്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ബ്രിഡ്ടൗണില്‍ ഇന്ത്യ 49 റണ്‍സിന് പരാജയപ്പെട്ടത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ നാഗ്പൂരില്‍ 47 റണ്‍സിന് തോറ്റത് മൂന്നാമതായി. ടി20 മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തോല്‍വിയാണിത്. 2019ല്‍ വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ 80 റണ്‍സിന് തോറ്റതാണ് ഏറ്റവും വലിയ പരാജയം. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോര്‍ കൂടിയാണിത്.

2016ല്‍ ന്യൂസിലന്‍ഡിനെതിരെ നാഗ്പൂരില്‍ ഇന്ത്യ 79 റണ്‍സിന് പുറത്തായിരുന്നു. 2021ല്‍ കിവീസിനെതിരെ തന്നെ ദുബായില്‍ 110 റണ്‍സെടുക്കാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 111 റണ്‍സും. 2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നോട്ടിംഗ് ഹാമില്‍ 118 റണ്‍സെടുത്തത് നാലാം സ്ഥാനത്തായി. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ന്യൂയോര്‍ക്കിന് 119 റണ്‍സിന് പുറത്തായത് അഞ്ചാം സ്ഥാനത്ത്.

ആദ്യ ഓവറില്‍ തന്നെ കിഷന്റെ വിക്കറ്റ് നഷ്ടമായി ഇന്ത്യക്ക്. മാര്‍ക്രമിന്റെ പന്തില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ച് നല്‍കിയാണ് കിഷന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മയും (1) പുറത്തായി. ജാന്‍സനെ ക്രീസ് വിട്ട് കയറി അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു. അഭിഷേക് ശര്‍മ തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. റബാദയ്‌ക്കെതിരെ ഒരു സിക്‌സും ഫോറും നേടി ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും ജാന്‍സന്റെ സ്ലോവറില്‍ പിഴച്ചു. കോര്‍ബിന്‍ ബോഷിന്റെ തകര്‍പ്പന്‍ ക്യാച്ച്. ഇതോടെ മൂന്നിന് 26 എന്ന നിലയിലായി ഇന്ത്യ.

അക്‌സര്‍ പട്ടേലിന് പകരം ടീമിലെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (11) നിരാശപ്പെടുത്തി. ഇതിനിടെ സൂര്യകുമാറിനെ (18) ബോഷും മടക്കി. അഞ്ചിന് 51 എന്ന അവസ്ഥയിലായി ഇന്ത്യ. 15ാം ഓവറില്‍ കേശവ് മഹാരാജ് മൂന്ന് പേരെയാണ് പുറത്താക്കിയത്. ഹാര്‍ദിക് പാണ്ഡ്യ (18), റിങ്കു സിംഗ് (0), അര്‍ഷ്ദീപ് സിംഗ് (0) എന്നിവരാണ് മടങ്ങിയത്. മൂന്ന് ക്യാച്ചും ട്രിസ്റ്റണ്‍ സ്റ്റബ്‌സിനായിരുന്നു. ദുബെയുടെ (37 പന്തില്‍ 42) ഇന്നിംഗ്‌സ് തോല്‍വിഭാരം കൂറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. 19-ാം ഓവറില്‍ ദുബെയും ബുമ്രയും (0) പുറത്തായി. വരുണ്‍ ചക്രവര്‍ത്തി (0) പുറത്താവാതെ നിന്നു.

YouTube video player