നിറഞ്ഞാടി ബട്‌ലര്‍, കട്ടയ്ക്ക് ബ്രൂക്കും അലിയും കറനും; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

By Web TeamFirst Published Jan 29, 2023, 6:03 PM IST
Highlights

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ജേസന്‍ റോയിയെ 9ല്‍ റണ്‍സെടുത്ത് നില്‍ക്കേ നഷ്‌ടമായ നടുക്കത്തോടെയാണ് ഇംഗ്ലീഷ് ഇന്നിംഗ്‌സ് തുടങ്ങിയത്

ബ്ലൂംഫൗണ്ടെയിൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ഹാരി ബ്രൂക്കിന് പിന്നാലെ നായകന്‍ ജോസ് ബട്‌ലറും മൊയീന്‍ അലിയും നേടിയ അര്‍ധ സെഞ്ചുറികളും അവസാന ഓവറുകളിലെ സാം കറന്‍ വെടിക്കെട്ടും ഇംഗ്ലണ്ടിന് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 342 റണ്‍സ് സമ്മാനിച്ചു. 82 പന്തില്‍ 94* റണ്‍സുമായി ബട്‌ലര്‍ പുറത്താവാതെ നിന്നു. ആന്‍‌റിച്ച് നോര്‍ക്യ രണ്ടും പാര്‍നലും എന്‍ഗിഡിയും ജാന്‍സനും കേശവും മാര്‍ക്രമും ഓരോ വിക്കറ്റും വീഴ്‌ത്തി. 

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ജേസന്‍ റോയിയെ 9ല്‍ റണ്‍സെടുത്ത് നില്‍ക്കേ നഷ്‌ടമായ നടുക്കത്തോടെയാണ് ഇംഗ്ലീഷ് ഇന്നിംഗ്‌സ് തുടങ്ങിയത്. ലുങ്കി എന്‍ഡിഗിക്കായിരുന്നു വിക്കറ്റ്. 15 പന്തില്‍ 12 റണ്‍സെടുത്ത ഡേവിഡ് മലാനെ വെയ്‌ന്‍ പാര്‍നലും 32 പന്തില്‍ 22 റണ്‍സെടുത്ത ബെന്‍ ഡക്കെറ്റിനെ കേശവ് മഹാരാജും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 16.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 82 റണ്‍സ്. എന്നാല്‍ പിന്നീടങ്ങോട്ട് ഹാരി ബ്രൂക്കും ജോസ് ബട്‌ലറും ഇംഗ്ലീഷ് ബാറ്റിംഗിനെ മുന്നോട്ടുനയിച്ചു. 28-ാം ഓവറില്‍ ബ്രൂക്ക് പുറത്താകുമ്പോള്‍ ടീം സ്കോര്‍ 150 പിന്നിട്ടിരുന്നു. 75 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം ബ്രൂക്ക് 80 റണ്‍സെടുത്തു. ഏയ്‌ഡന്‍ മാര്‍ക്രമാനായിരുന്നു വിക്കറ്റ്. 

പിന്നാലെ മൊയീന്‍ അലി 44 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പടെ 51 റണ്‍സെടുത്തത് ഇംഗ്ലണ്ടിന് കരുത്തായി. ആന്‍‌റിച്ച് നോര്‍ക്യയാണ് അലിയെ മടക്കിയത്. ക്രിസ് വോക്‌സ് 16 പന്തില്‍ 16 റണ്‍സുമായി മടങ്ങിയപ്പോള്‍ 17 പന്തില്‍ ഒരു ഫോറും 3 സിക്‌സും ഉള്‍പ്പടെ 28 റണ്ണുമായി സാം കറന്‍ ആഞ്ഞടിച്ചു. ഇതോടെ അനായാസം ഇംഗ്ലണ്ട് മിന്നും സ്‌കോറിലെത്തുകയായിരുന്നു. 50 ഓവറും പൂര്‍ത്തിയാകുമ്പോള്‍ 82 പന്തില്‍ 8 ഫോറും 3 സിക്‌സും സഹിതം 94 റണ്‍സുമായി ജോസ് ബട്‌ലറും അക്കൗണ്ട് തുറക്കാതെ ആദില്‍ റഷീദും പുറത്താവാതെ നിന്നു.

ജേസന്‍ റോയിയുടെ സെഞ്ചുറി പാഴായി; പ്രോട്ടീസിനെതിരെ ഇംഗ്ലണ്ടിന് തോല്‍വി 

click me!