ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാര്‍ പ്രഖ്യാപനം ഉടന്‍; പാണ്ഡ്യക്കും സ്‌കൈക്കും ഗില്ലിനും ലോട്ടറിയടിക്കും

By Web TeamFirst Published Jan 29, 2023, 4:22 PM IST
Highlights

ബിസിസിഐ തെരഞ്ഞെടുപ്പ് കാരണം മാസങ്ങള്‍ വൈകിയാണ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കുന്നത്

മുംബൈ: ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതുക്കിയ വാര്‍ഷിക കരാര്‍ അടുത്ത മാസം പ്രഖ്യാപിക്കും. മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവ്, ട്വന്‍റി 20 നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ക്ക് കരാറില്‍ വലിയ നേട്ടമുണ്ടായേക്കും. ഏറ്റവും ഉയര്‍ന്ന എ പ്ലസ് കാറ്റഗറിയില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പം കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയേക്കും. എ, ബി, സി എന്നിവയാണ് മറ്റ് കരാറുകള്‍. 

ബിസിസിഐ തെരഞ്ഞെടുപ്പ് കാരണം മാസങ്ങള്‍ വൈകിയാണ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കുന്നത്. താരങ്ങളുടെ കരാര്‍ സംബന്ധിച്ച് അവസാനവട്ട ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ നടന്ന അപെക്‌സ് കൗണ്‍സില്‍ മീറ്റിംഗില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു. സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ഇശാന്ത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ എന്നിവരും ചിലപ്പോള്‍ മായങ്ക് അഗര്‍വാളും കരാറിന് പുറത്താവും. ശിഖര്‍ ധവാനാണ് കരാറിന് പുറത്തുപോകാന്‍ ഭീഷണി നേരിടുന്ന മറ്റൊരു താരം. ഇന്ത്യന്‍ ഓപ്പണര്‍ സ്ഥാനത്ത് ധവാന്‍റെ കസേര ഏതാണ്ട് അവസാനിച്ച മട്ടാണ്. അതേസമയം സൂര്യകുമാറിനും ഹാര്‍ദിക്കിനും ഗില്ലിനും പുതിയ കരാര്‍ ഗുണകരമാകും. 

നിലവില്‍ ബി ഗ്രേഡിലുള്ള ഹാര്‍ദിക് പാണ്ഡ്യ ട്വന്‍റി 20 ക്യാപ്റ്റന്‍സി ഏറ്റെടുത്തതോടെ എ ഗ്രേഡിലേക്ക് ഉയരും. മിന്നും ഫോമിലുള്ള സൂര്യകുമാര്‍ യാദവും ശുഭ്‌മാന്‍ ഗില്ലുമാണ് എ ഗ്രേഡിലെത്താന്‍ സാധ്യതയുള്ള മറ്റ് താരങ്ങള്‍. നിലവില്‍ സി ഗ്രേഡിലുള്ള ഗില്‍ ഇപ്പോള്‍ ഓള്‍ ഫോര്‍മാറ്റ് പ്ലെയറാണ്. ട്വന്‍റി 20 റാങ്കിംഗില്‍ ഒന്നാമനാണ് ഇപ്പോള്‍ സിയില്‍ തന്നെയുള്ള സ്കൈ. ഗ്രേഡ് സിയില്‍ ഉമ്രാന്‍ മാലിക്കിനെ പോലെ പുതിയ താരങ്ങള്‍ കരാറില്‍ ഇടംപിടിക്കാനിടയുണ്ട്. ഇഷാന്‍ കിഷനും പുതിയ കരാറില്‍ മെച്ചമുണ്ടാകും. വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര എന്നിവരുടെ എ പ്ലസ് സ്ഥാനങ്ങളില്‍ മാറ്റം കാണില്ല. കെ എല്‍ രാഹുലിനേയും മൂവരുടേയും കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്തിയേക്കും. 

എല്ലാ ഗ്രേഡിലുമുള്ള താരങ്ങളുടെ വാര്‍ഷിക പ്രതിഫലം 10-20 ശതമാനം വരെ ഉയര്‍ത്താനും സാധ്യതയുണ്ട് എന്ന് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. എ പ്ലസിന് 7 കോടിയും എയ്ക്ക് 5 കോടിയും ബിക്ക് 3 കോടിയും സിക്ക് 1 കോടിയുമാണ് നിലവിലെ വാര്‍ഷിക പ്രതിഫലം.

സച്ചിന്‍ വരെ ആറ് തവണ കാത്തിരുന്നു; കോലി, രോഹിത് കാര്യത്തില്‍ ആരാധകര്‍ക്ക് ക്ഷമ വേണമെന്ന് അശ്വിന്‍

click me!