SA vs IND: കോലിയും അവരെക്കാള്‍ ഒട്ടും മെച്ചമല്ല, രഹാനെക്കും പൂജാരക്കും പിന്തുണയുമായി മുന്‍ താരം

By Web TeamFirst Published Jan 4, 2022, 6:06 PM IST
Highlights

വിരാട് കോലിയുടെ പ്രകടനവും ഇവരുടേതിനേക്കാള്‍ ഒട്ടും മെച്ചമല്ല. പക്ഷെ അപ്പോഴും ആരും കോലിയുടെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നില്ല. കാരണം, അദ്ദേഹം ക്യാപ്റ്റനാണ്.

ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ((South Africa vs India 2nd Test) ആദ്യ ഇന്നിംഗ്സിലും തിളങ്ങാനാവാതെ പോയതോടെ ചേതേശ്വര്‍ പൂജാരയയെും(Cheteshwar Pujara) അജിങ്ക്യാ രഹാനെയെയും(Ajinkya Rahane) ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഇരുവര്‍ക്കും പിന്തുണയുമായി മുന്‍ താരം ആശിഷ് നെഹ്റ(Ashish Nehra). പൂജാരയുടെയും രഹാനെയുടെയും മോശം പ്രകടനത്തെ കുറ്റം പറയുന്നവര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ(Virat Kohli) പ്രകടനവും ഇവരുടേത് പോലെ തന്നെയാണെന്ന് കാണണമെന്ന് നെഹ്റ പറഞ്ഞു.

വിരാട് കോലിയുടെ പ്രകടനവും ഇവരുടേതിനേക്കാള്‍ ഒട്ടും മെച്ചമല്ല. പക്ഷെ അപ്പോഴും ആരും കോലിയുടെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നില്ല. കാരണം, അദ്ദേഹം ക്യാപ്റ്റനാണ്. തീര്‍ച്ചയായും കോലിയുടെ മുന്‍കാല പ്രകടനങ്ങള്‍ ഇവരുടേതിനേക്കാള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ താരതമ്യം ചെയ്യുകയല്ല. പക്ഷെ, സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഇരുവരെയും പുറത്താക്കുകയാണെങ്കില്‍ ഇവരുടെ മുന്‍കാല പ്രകടനങ്ങള്‍ കൂടി കണക്കിലെടുക്കണം. അത് നോക്കുമ്പോള്‍ അവരും ആര്‍ക്കും പിന്നിലല്ലെന്നും നെഹ്റ പറഞ്ഞു.

നിര്‍ണായക പരമ്പരക്കിടെ കളിക്കാരെ മാറ്റുന്നതും ടീം കോംബിനേഷന്‍ മാറ്റി മറിക്കുന്നതും ഇന്ത്യയുടെ വിജയസാധ്യതയെ തന്നെ തകിടം മറിക്കും. ആദ്യ ടെസ്റ്റില്‍ രഹാനെയെ പിന്തുണച്ചുവെങ്കില്‍ പരമ്പരയില്‍ മുഴുവന്‍ അദ്ദേഹത്തെ കളിപ്പിക്കണം. രഹാനെയുടെയും പൂജാരയുടെയും സമീപകാലത്തെ പ്രകടനങ്ങള്‍ വലിയ ആശങ്കയാണെന്ന് സമ്മതിക്കുമ്പോഴും പരമ്പരക്കിടെ ഇരുവരെയും മാറ്റുന്നത് ഉചിതമാകില്ലെന്നും നെഹ്റ ക്രിക് ബസിനോട് പറഞ്ഞു.

2019നുശേഷം രഹാനെയും പൂജാരയും ചേര്‍ന്ന് 25.23 ശരാശരിയില്‍ 2271 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ 12 തവണ പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പൂജാരയാണ് ഗോള്‍ഡന്‍ ഡക്കായതെങ്കില്‍ വാണ്ടറേഴ്സ് ടെസ്റ്റില്‍ അത് രഹാനെയായി. രഹാനെയുടെ കരിയറിലെ ആദ്യ ഗോള്‍ഡന്‍ ഡക്കുമായിരുന്നു ഇത്.  2021ല്‍ കളിച്ച 13 ടെസ്റ്റില്‍ 479 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്. പൂജാരയാകട്ടെ 14 ടെസ്റ്റില്‍ 702 റണ്‍സും.

click me!