SA vs IND: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനം: ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റം നിര്‍ദേശിച്ച് കാര്‍ത്തിക്

By Web TeamFirst Published Jan 20, 2022, 8:35 PM IST
Highlights

ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായി ടീമിലെത്തിയ വെങ്കടേഷ് അയ്യരെക്കൊണ്ട് എന്തുകൊണ്ടാണ് പന്തെറിയാക്കാതിരുന്നത് എന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനോട് തന്നെ ചോദിക്കണം. കാരണം, വെങ്കടേഷ് അയ്യരെ ടീമിലെടുത്തത് തന്നെ ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ എന്ന നിലക്കാണല്ലോ.

പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ(SA vs IND) രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്(Dinesh Karthik). ഇന്ത്യന്‍ പേസാക്രമണത്തിലാണ് കാര്‍ത്തിക് മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത്.രണ്ടാം ഏകദിനത്തില്‍ ജസ്പ്രീത് ബുമ്രയ്ക്കോ ഭുവനേശ്വര്‍ കുമാറിനോ വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചാല്‍ പേസ് നിരയില്‍ പ്രസിദ്ധ് കൃഷ്ണക്കോ(Prasidh Krishna) മുഹമ്മദ് സിറാജിനോ(Mohammed Siraj) അവസരം നല്‍കണമെന്ന് കാര്‍ത്തിക് പറഞ്ഞു.

ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായി ടീമിലെത്തിയ വെങ്കടേഷ് അയ്യരെക്കൊണ്ട് എന്തുകൊണ്ടാണ് പന്തെറിയാക്കാതിരുന്നത് എന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനോട് തന്നെ ചോദിക്കണം. കാരണം, വെങ്കടേഷ് അയ്യരെ ടീമിലെടുത്തത് തന്നെ ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ എന്ന നിലക്കാണല്ലോ. അയ്യര്‍ പന്തെറിയാതിരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും. എന്തായാലും വരും മത്സരങ്ങളിലെങ്കിലും അയ്യരെ കൊണ്ട് പന്ത് എറിയിക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം, എന്ത് കഴിവുകളുടെ പേരിലാണോ ഒരാളെ ടീമിലെടുത്തത് അതിന് അയാളെ ഉപയോഗിക്കുന്നില്ലെങ്കില്‍ അയാളെ ടീമിലെടുത്തതിനെ തന്നെ തള്ളിപ്പറയുന്നതുപോലെയാണത്.

ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് തന്ത്രം നോക്കു. മധ്യ ഓവറുകളില്‍ എന്‍ഗി‍ഡിയെ അവര്‍ ഫലപ്രദമായി ഉപയോഗിച്ചു. ധവാനെതിരെ മാര്‍ക്രത്തെയും കെ എല്‍ രാഹുലിനെതിരെ മാര്‍ക്കോ ജാന്‍സണെയും അവര്‍ ഫലപ്രദമായി ഉപയോഗിച്ചു. ഇംഗ്ലണ്ടൊക്കെ കളിക്കുന്നതുപോലെ ആദ്യ പന്തുമുതല്‍ ജാന്‍സണെതിരെ ആക്രമിച്ചു കളിച്ച് സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യ-ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ പാളില്‍ നടക്കും. ആദ്യ മത്സരത്തില്‍ 31 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയില്‍ 1-0ന് പിന്നിലാണ്. നാളത്തെ മത്സരത്തിലും തോറ്റാല്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് നഷ്ടമാവും.

click me!